മദ്രസ്സ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച  ഉസ്താദുമാർ മുങ്ങി

സ്റ്റാഫ് ലേഖകൻ

പാണത്തൂർ: മൂന്നോളം മദ്രസ്സ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് ഉസ്താദുമാർ നാട്ടിൽ നിന്ന് മുങ്ങി. പാണത്തൂർ മുസ്ലിം ജമാ അത്തിന്റെ കീഴിലുള്ള മുനവ്വിറുൽ ഇസ്ലാം മദ്രസ്സയിലെ ഉസ്താദുമാരായ ഫലാഹ് സഅദി 56, കരീം സഖാഫി 45, എന്നിവരാണ് നാട്ടിൽ നിന്ന് മുങ്ങിയത്.

ഫലാഹ് സഅദി കാസർകോട് മസ്തിക്കുണ്ട് സ്വദേശിയാണ്. 6 വർഷക്കാലമായി പാണത്തൂർ മദ്രസ്സയിലെ ഉസ്താദാണ്. കരീം സഖാഫി പാണത്തൂർ സ്വദേശിയാണ്. 4 വർഷം മുമ്പ് ബളാന്തോട് മദ്രസ്സയിൽ നിന്നാണ് ഇദ്ദേഹം പാണത്തൂരിലെത്തി മദ്രസ്സയിൽ ഉസ്താദിന്റെ ജോലി സ്വീകരിച്ചത്.

മുനവ്വിറുൽ ഇസ്ലാം മദ്രസ്സയിലെ പ്രാധാനാധ്യാപകൻ ഇബ്രാഹിം മൗലവിയാണ്. ഉസ്താദുമാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് നേരിൽക്കണ്ട ഇതര വിദ്യാർത്ഥിനികൾ അവരുടെ വീട്ടിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തുവന്നത്.

പിന്നീട് ചൈൽഡ് ലൈൻ മദ്രസ്സയിലെത്തി  വിവരങ്ങൾ ശേഖരിക്കുകയും പെൺകുട്ടികൾ പഠിക്കുന്ന സ്കൂളധികൃതർക്ക് വിവരം നൽകുകയും, സംഭവത്തിൽ രാജപുരം പോലീസ് രണ്ട് പോക്സോ കേസ്സുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് ഉസ്താദുമാരായ ഫലാഹ് സഅദിയും കരീം സഖാഫിയും പാണത്തൂർ മദ്രസ്സയിൽ നിന്നും ഒരു രാത്രിയിൽ മുങ്ങിയത്.

ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ രാജപുരം പോലീസിനും താൽപ്പര്യമില്ല. എട്ടാംതരത്തിൽ പഠിക്കുന്ന മൂന്നോളം പെൺകുട്ടികൾ മദ്രസ്സ പഠനത്തിനിടയിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. ഇരുപ്രതികൾക്കുമെതിരെ കേസ്സെടുത്ത രാജപുരം പോലീസും പ്രതികളെ രക്ഷപ്പെടുത്താൻ കരുക്കൾ നീക്കിയതായി പാണത്തൂർ മഹല്ല് നിവാസികൾ ആരോപിച്ചു.

പ്രതികൾ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ലൈംഗിക പീഡനക്കേസ് മൂടിവെച്ച് തേയ്ച്ചുമായ്ക്കാനുള്ള ശ്രമം പോലീസും പള്ളിക്കമ്മിറ്റിയും നടത്തി. മദ്രസ്സയിലെ പ്രധാനാധ്യാപകനായ മൗലവിക്കെതിരെയും ആരോപണമുയർന്നിട്ടുണ്ട്.

Read Previous

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരാതി പരിഹാര സംവിധാനത്തിന് തുടക്കം

Read Next

ആക്രമണത്തിനിരയായ യുവാവിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു