‘അമ്മ’യ്ക്ക് സിസിഎല്ലുമായി ബന്ധമില്ല: മോഹൻലാലും പിന്മാറിയെന്ന് ഇടവേള ബാബു

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് അമ്മയും മോഹൻലാലും പിൻമാറിയതാണെന്ന് വ്യക്തമാക്കി മലയാള താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഇപ്പോൾ നടക്കുന്ന സിസിഎൽ സീസണിൽ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇടവേള ബാബു പറഞ്ഞു. നേരത്തെ സിസിഎൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മോഹൻലാലിനെ നോൺ പ്ലേയിംഗ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ടീമിനെ ശരിക്കും പ്രഖ്യാപിച്ചപ്പോൾ മോഹൻലാൽ ഉണ്ടായിരുന്നില്ല.

ഇതാണ് അമ്മ നേതൃത്വം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. എട്ട് വർഷത്തോളം കേരള സ്ട്രൈക്കേഴ്സിന്‍റെ മാനേജരായിരുന്നു താനെന്നും ഇപ്പോൾ നടക്കുന്ന ലീഗുമായി യാതൊരു ബന്ധവുമില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും കേരള സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദന്‍ ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേര്‍സിനോടും, കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേസിനോടും കേരള സ്ട്രൈക്കേര്‍സ് തോല്‍ക്കുകയായിരുന്നു.

നിലവിൽ സി 3 സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബാണ് കേരള സ്ട്രൈക്കേഴ്സ് എന്ന പേരിൽ മത്സരിക്കുന്നത്. തമിഴ് ചലച്ചിത്ര താരങ്ങളായ രാജ്കുമാർ സേതുപതി, ഭാര്യ ശ്രീപ്രിയ, ഷാജി ജെയ്സൺ എന്നിവരാണ് നിലവിൽ കേരള സ്ട്രൈക്കേഴ്സിന്‍റെ ഉടമകൾ. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റൻ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ സിസിഎൽ നടക്കുന്നത്. 

K editor

Read Previous

സിസോദിയ അഞ്ച് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ; മാർച്ച് നാലിന് വീണ്ടും ഹാജരാക്കണം

Read Next

പഞ്ചാബിൽ യുവതിയുടെ വെടിയേറ്റ് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു