ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് നാല് വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റ് ചെയ്ത സിസോദിയയെ ഇന്ന് പ്രാദേശിക കോടതിയിൽ ഹാജരാക്കിയിരുന്നു. സിസോദിയയെ ഹാജരാക്കുമ്പോൾ റോസ് അവന്യൂ കോടതി പരിസരത്തും പുറത്തും കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരുന്നു. പ്രത്യേക ജഡ്ജി എം കെ നാഗ്പാലാണ് വിധി പ്രസ്താവിച്ചത്. മാർച്ച് നാലിന് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കണം.
സിസോദിയയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) മാർഗിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ അർദ്ധസൈനികരുമായി ഏറ്റുമുട്ടിയ നിരവധി ആം ആദ്മി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയയ്ക്കെതിരെ സിബിഐ നടപടി സ്വീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മിക്ക സിബിഐ ഉദ്യോഗസ്ഥരും മനീഷിന്റെ അറസ്റ്റിന് എതിരാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും, അവർക്കെല്ലാം അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നും, അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ലെന്നും, എന്നാൽ രാഷ്ട്രീയ സമ്മർദം മൂലമാണ് അവർക്ക് അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നും കെജ്രിവാൾ വ്യക്തമാക്കി.