ഇഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം; നിയമ വിരുദ്ധമെന്ന് അമിക്കസ്‌ ക്യൂറി

ന്യൂഡല്‍ഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമ വിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി കെ വി വിശ്വനാഥൻ. കാലാവധി നീട്ടുന്നത് വിനീത് നാരായൺ, കോമൺ കോസ് കേസുകളിലെ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. കാലാവധി നീട്ടിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച വിവിധ ഹർജികളിൽ മാർച്ച് 21 ന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സിവിസി നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് മിശ്രയുടെ കാലാവധി നീട്ടിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടുന്നതിനെതിരെയുള്ള ഹർജിയുടെ ഉദ്ദേശം കോൺഗ്രസ് നേതാക്കൾക്കെതിരായ അന്വേഷണം തടയുക എന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിതിയിൽ പറഞ്ഞു.

2018ലാണ് സഞ്ജയ് കുമാർ മിശ്രയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡയറക്ടറായി നിയമിച്ചത്. 2020 നവംബറിൽ കാലാവധി അവസാനിച്ചിരുന്നു. 2020 മെയ് മാസത്തിൽ മിശ്രയ്ക്ക് 60 വയസ് തികഞ്ഞിരുന്നു. 2020 നവംബർ 13 നാണ് ഇഡി ഡയറക്ടറുടെ കാലാവധി രണ്ട് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി ഉയർത്തിയെന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം സുപ്രീം കോടതി ശരിവെച്ചെങ്കിലും മിശ്രയ്ക്ക് കൂടുതൽ കാലാവധി നീട്ടി നൽകരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഡയറക്ടറുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടാൻ അധികാരം നൽകുന്ന ഓർഡിനൻസ് കേന്ദ്രം പുറത്തിറക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് ഡോ. ജയാ ഠാക്കൂര്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നീ കോൺഗ്രസ് നേതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.

K editor

Read Previous

സിസോദിയയുടെ അറസ്റ്റിനെതിരായ എഎപി മാർച്ചിൽ സംഘർഷം; പാർട്ടി ആസ്ഥാനത്ത് നിരോധനാജ്ഞ

Read Next

ഗ്രേറ്റ് ബാക്ക് യാർഡ് ബേർഡ് കൗണ്ട്; ഏറ്റവുമധികം പക്ഷി വിഭാഗങ്ങളെ കണ്ടെത്തിയത് പശ്ചിമ ബംഗാളിൽ