മലയാള സിനിമയെ തകർക്കാൻ ഗൂഢ സംഘം പ്രവർത്തിക്കുന്നു: കെ ബി ഗണേഷ് കുമാർ

ദുബായ്: മലയാള സിനിമയെ തകർക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. യൂട്യൂബിലെ നെഗറ്റീവ് റിവ്യൂകളെക്കുറിച്ചും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ റേറ്റിംഗിനെക്കുറിച്ചും സംസാരിച്ച ഗണേഷ് കുമാർ ഈ വിഷയം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും പറഞ്ഞു. ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിലെത്തിയ ഗണേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

നെഗറ്റീവ് റിവ്യൂ നൽകി മലയാള സിനിമയെ തകർക്കാൻ യുട്യൂബേഴ്സിന് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സിനിമ കണ്ടാൽ, അത് നല്ലതാണോ അല്ലയോ എന്ന് എനിക്ക് എന്‍റെ സുഹൃത്തുക്കളോട് പറയാം. എന്നാൽ നാട്ടുകാരോട് ഇക്കാര്യം പറയുന്നത് ശരിയല്ല. അത്തരമൊരു ഗൂഢ സംഘം ഉണ്ടെന്ന് സർക്കാരിനും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കുമെല്ലാം അറിയാം. ആ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടേണ്ട ആവശ്യമില്ല. മുഴുവൻ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനവും എത്രയും പെട്ടന്ന് സർക്കാർ തന്നെ കൈകാര്യം ചെയ്യണം. അല്ലാത്തപക്ഷം ഈ ടിക്കറ്റുകൾ വിൽക്കുന്ന കമ്പനിയാണ് സിനിമയുടെ ഗുണനിലവാരം തീരുമാനിക്കുന്നത്, ഗണേഷ് കുമാർ പറഞ്ഞു.

“എന്‍റെ അറിവ് ശരിയാണെങ്കിൽ, ഒരു കോടി രൂപ നൽകിയാൽ, സിനിമയെ വിജയിപ്പിക്കും. ഈ ഒരു കോടി രൂപ ആദ്യ ദിവസങ്ങളിൽ ആളുകളെ കയറ്റാൻ ചെലവാകും. എന്നിട്ട് പോസിറ്റീവ് പ്രൊപ്പഗണ്ട ഉണ്ടാക്കും. ആന്ധ്രാപ്രദേശിൽ ഈ സ്വകാര്യ ടിക്കറ്റിംഗ് സംവിധാനം നിരോധിച്ചതായാണ് ഞാൻ മനസ്സിലാക്കിയത്. നമ്മളും അത് ഉടനടി നിരോധിക്കുകയും സർക്കാരിന്റെ തന്നെ ഒരു ടിക്കറ്റിംഗ് സംവിധാനം അടിയന്തിരമായി കൊണ്ടുവരുകയും വേണം. അല്ലാത്തപക്ഷം സിനിമാ വ്യവസായം തകരുമെന്നും കെ.ബി ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു.

K editor

Read Previous

കോൺഗ്രസുകാർക്ക് മദ്യം കഴിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ്, മറ്റു ലഹരികൾ പാടില്ല

Read Next

നൻപകൽ നേരത്ത് മയക്കം തൻ്റെ ചിത്രത്തിൻ്റെ പകർപ്പ്; ആരോപണവുമായി തമിഴ് സംവിധായിക