പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിക്ക് നേരെ ആക്രമണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്‍റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു.

കൂച് ബിഹാർ ജില്ലയിലെ ബി.ജെ.പി ഓഫീസിലേക്കുള്ള യാത്രാമധ്യേയാണ് കേന്ദ്രമന്ത്രി ആക്രമിക്കപ്പെട്ടത്. ആദ്യം ചിലർ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു. ഇതിൽ കേന്ദ്രമന്ത്രിയുടെ കാറിന്‍റെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് അക്രമികളെ തുരത്താൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മന്ത്രിയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ഇതാണ് സംസ്ഥാനത്തെ ജനാധിപത്യത്തിന്‍റെ അവസ്ഥയെന്ന് ബി.ജെ.പി പറഞ്ഞു. പ്രദേശത്ത് ഒരു ആദിവാസി യുവാവ് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് മരിച്ചതിൽ ജനങ്ങൾ പ്രതിഷേധത്തിലാണെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ റാലിയിലും ആദിവാസി കുടുംബത്തെ സഹായിക്കാത്തതിന് മന്ത്രിക്കെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂച് ബിഹാറിൽ നിന്നുള്ള എംപിയാണ് നിസിത് പ്രമാണിക്ക്. പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിമാർക്കെതിരെ മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്.

K editor

Read Previous

രവിവര്‍മയുടെ ‘യശോദയും കൃഷ്ണനും’ ലേലത്തിൽ വിറ്റുപോയത് 38 കോടി രൂപയ്ക്ക്

Read Next

കാത്തിരിപ്പിന് വിരാമം; ഗൗതം മേനോൻ-വിക്രം ചിത്രം ധ്രുവ നച്ചത്തിരം റിലീസിനൊരുങ്ങുന്നു