നരഹത്യാശ്രമം : 2 പ്രതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കാറുകൾ തമ്മിൽ ഉരസിയതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ ചന്തേര പോലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി 20-ന് എടച്ചാക്കൈ കൊക്കോക്കടവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എടച്ചാക്കൈ റഹ്്മാനിയ മൻസിലിൽ കുഞ്ഞിമുഹമ്മദിന്റെ മകനും പ്രവാസിയുമായ വി.കെ. സുറൂർ റഹ്്മാനെ 36, അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത നരഹത്യാശ്രമക്കേസിൽ പ്രതികളായ പയ്യന്നൂർ തായിനേരി സ്വദേശി എം.ടി.പി. റംഷാദ്, പടന്ന കാന്തിലോട്ടെ എൽ.കെ. ബാദുഷ 35, എന്നിവരെയാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണനും സംഘവും അറസ്റ്റ് ചെയ്തത്.

റംഷാദ് ഓടിച്ചിരുന്ന കാർ സൂറൂർ റഹ്മാന്റെ കാറിൽ ഇടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നാലംഗ സംഘം സുറൂർ റഹ്മാന്റെ കഴുത്തിൽ സീറ്റ് ബെൽറ്റ് മുറുക്കുകയും, തലയ്ക്ക് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സുറൂർ റഹ്മാന്റെ കാഴ്ചയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.

സുറൂർ റഹ്മാനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ബാദുഷ ചന്തേര എസ്ഐ, തമ്പാനെ ഡ്യൂട്ടിയ്ക്കിടെ ആക്രമിച്ച കേസിൽ പ്രതിയാണ്. യുവാവിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. നരഹത്യാശ്രമക്കേസിൽ അറസ്റ്റിലായ എം.ടി.പി. റംഷാദിനെ കോടതി റിമാന്റ് ചെയ്തു. നാല് പ്രതികളുള്ള കേസിൽ മറ്റുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

LatestDaily

Read Previous

നെഞ്ചുവേദന ഓട്ടോ ഡ്രൈവര്‍ മരിച്ചു

Read Next

ഭീകരപ്രവർത്തനം വ്യവസായമാക്കിയ രാജ്യത്തിന് ഒരിക്കലും പുരോഗതി നേടാനാവില്ല: എസ് ജയശങ്കർ