ബിജെപിയുടേത് ഭയപ്പെടുത്തിയുള്ള ഭരണമെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി

ഷില്ലോങ്: ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് രാഹുൽ ഗാന്ധി. എല്ലാം അറിയാമെന്ന് ധരിക്കുന്ന ബി.ജെ.പിക്ക് ആരോടും ബഹുമാനമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷില്ലോങ്ങിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. മത്സരരംഗത്തുള്ള തൃണമൂൽ കോൺഗ്രസിനെയും രാഹുൽ വിമർശിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ വിജയം ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.

“എല്ലാം അറിയാമെന്ന് നടിക്കുകയും ആരെയും ബഹുമാനിക്കാതെ പ്രവർത്തിക്കുകയും ചെയ്യുന്ന മുട്ടാളനെപ്പോലെയാണ് ബിജെപിയും ആർഎസ്എസും. നാം ഒരുമിച്ച് നിന്ന് അവർക്കെതിരെ പോരാടണം,” അദ്ദേഹം പറഞ്ഞു. മേഘാലയയുടെ ഭാഷയെയോ സംസ്കാരത്തെയോ ചരിത്രത്തെയോ ഒരു കാരണവശാലും വ്രണപ്പെടുത്താൻ ബിജെപിയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“മേഘാലയയുടെ തനതായ സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള ആദരസൂചകമായാണ് പരമ്പരാഗത ജാക്കറ്റ് ധരിച്ചുവന്നത്. അതേസമയം, പ്രധാനമന്ത്രി ചെയ്യുന്നതുപോലെ മേഘാലയയുടെ ജാക്കറ്റ് ധരിക്കുകയും സംസ്ഥാനത്തിന്‍റെ മതം, സംസ്കാരം, ചരിത്രം, ഭാഷ എന്നിവയെ കുറ്റപ്പെടുത്തുകയും ചെയ്താൽ അത് മേഘാലയയിലെ ജനങ്ങളോടുള്ള അവഹേളനമാണ്” എന്നും രാഹുൽ പറഞ്ഞു.

കൂടാതെ പശ്ചിമ ബംഗാളിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നും, ഗോവ തിരഞ്ഞെടുപ്പുകാലത്ത് തൃണമൂല്‍ കോൺഗ്രസ് വന്‍തുക ചെലവഴിച്ചത് ബിജെപിയെ സഹായിക്കാനാണെന്നും രാഹുല്‍ പറഞ്ഞു. മേഘാലയിലും അതാണ് അവർ ലക്ഷ്യമിടുന്നതെന്നും, ബിജെപിയെ ശക്തിപ്പെടുത്തി അധികാരത്തിലെത്തിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

K editor

Read Previous

എഎപിയുടെ ഷെല്ലി ഒബ്‌റോയ് ഡൽഹിയുടെ ആദ്യ വനിതാ മേയർ; ജയം 34 വോട്ടുകൾക്ക്

Read Next

അനൂപ് സത്യന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വരുന്നു; ചിത്രത്തിന്‍റെ ഷൂട്ടിംഗ് മെയ് മാസം