കാഞ്ഞങ്ങാട്ട് ഇടതു ഘടകക്ഷികളുടെ സീറ്റുകളിൽ ധാരണ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ഭരണ സമിതിയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് ഘടകക്ഷികളുടെ സീറ്റ് വിഭജന കാര്യത്തിൽ തീരുമാനമായി.  ധാരണ പ്രകാരം എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ 6 സീറ്റുകളിലും, എൽജെഡി 1 സീറ്റിലും, കേരള കോൺഗ്രസ് മാണി വിഭാഗം 1 സീറ്റിലും മത്സരിക്കും. എൽഡിഎഫിലെ പ്രധാന ഘടക കക്ഷിയായ സിപിഐയ്ക്ക് സിപിഎമ്മിന്റെ സിറ്റിങ്ങ് വാർഡായ 19-ാം വാർഡ് നൽകി.  ബാക്കിയുള്ള സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളും, സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരിക്കും.


36-ാം വാർഡായ മുറിയനാവിയിൽ മഹമൂദ് മുറിയനാവി ഇടതു സ്വതന്ത്രനായി മത്സരിക്കും.  ലീഗിലെ സെവൻ സ്റ്റാർ അബ്ദുൾ റഹ്മാനാണ് ഇവിടെ എതിർ സ്ഥാനാർത്ഥി. കാഞ്ഞങ്ങാട് നഗരസഭയിൽ ഐഎൻഎല്ലിന് അനുവദിച്ച സീറ്റുകൾ 2-ാം വാർഡായ ബല്ലാക്കടപ്പുറം, 12-ാം വാർഡായ കൂളിയങ്കാൽ, 27-ാം വാർഡായ പടന്നക്കാട്, 31-ാം വാർഡായ കരുവളം, 33-ാം വാർഡായ ഞാണിക്കടവ്, 35-ാം വാർഡായ പട്ടാക്കൽ എന്നിവയാണ്.


എൽഡിഎഫിന്റെ സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് നവംബർ 12-ന് പ്രഖ്യാപിക്കും. എൽജെഡി അരയി കാർത്തിക വാർഡിലും, കേരള കോൺഗ്രസ് മാണി വിഭാഗം 16-ാം വാർഡായ കണിയാങ്കുളത്തും മത്സരിക്കും. എൽഡിഎഫിന്റെ ജില്ലാക്കമ്മിറ്റി യോഗം നവംബർ 13-ന് നീലേശ്വരത്ത് വിളിച്ചു ചേർത്തിട്ടുണ്ട്.


പ്രധാന ഘടക കക്ഷിയായ സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വിവിധ സ്ഥലങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്.  നീലേശ്വരം ചിറപ്പുറം വാർഡിൽ പി.പി. മുഹമ്മദ് റാഫിയെ സ്ഥാനാർത്ഥിയാക്കിയതിനെച്ചൊല്ലി വാർഡിൽ അഭിപ്രായ ഭിന്നതയുണ്ട്.  വാർഡിന് പുറത്തുള്ള മുഹമ്മദ് റാഫിയെ ചിറപ്പുറത്ത് മത്സരിപ്പിക്കുന്നതി നെച്ചൊല്ലി സിപിഎം ബ്രാഞ്ച് കമ്മിറ്റികളിൽ തർക്കമുയർന്നു. നവംബർ 13-ന് എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വ്യക്തമായ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

LatestDaily

Read Previous

കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടി

Read Next

തേനൂറും മധുരവുമായി തൃക്കരിപ്പൂർ യുവാക്കൾ