കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭക്കകത്ത് ഇത്തവണ 26 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ്സിന് സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായി. മിക്ക വാർഡുകളിലും ഒന്നിൽ കൂടുതലാൾക്കാർ മത്സരിക്കാൻ താൽപ്പര്യം കാണിച്ചതോടെയാണ് സ്ഥാനാർത്ഥി നിർണ്ണയം വഴിമുട്ടിയത്. 2 മുതൽ 4 പേർ വരെ മൽസരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച വാർഡുകളുമുണ്ട്.


മൽസരിക്കാൻ താൽപ്പര്യമുള്ളവരുടെ മുഴുവൻ വിവരവും വാർഡ് തലത്തിൽ ശേഖരിച്ച ശേഷം, ഇവരുടെ പേരുകൾ മണ്ഡലം തലത്തിൽ രൂപീകരിച്ചിട്ടുള്ള കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിക്കും.  കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഡി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായുള്ള ഏഴംഗ കമ്മിറ്റി വാർഡ് തലത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പ്രഖ്യാപിക്കും.


ഇതിനെതിരെ പരാതിയുണ്ടായാൽ ഡിസിസി പ്രസിഡണ്ട് ഹക്കീംകുന്നിൽ അധ്യക്ഷനായ ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാർത്ഥി നിർണ്ണയം അന്തിമമാക്കും.
മണ്ഡലം, ജില്ലാകമ്മിറ്റികൾ പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളെ എല്ലാ ഗ്രൂപ്പുകളും അംഗീകരിക്കുമെന്ന് തത്വത്തിൽ കോൺഗ്രസ്സ് നേതാക്കൾ ധാരണയിലായി.


സ്വന്തം പാർട്ടി സ്ഥാനാർത്ഥികളെ ഇത്തവണ കാലുവാരി തോൽപ്പിക്കുന്നത് ഒഴിവാക്കാൻ നേതാക്കൾ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ തൽക്കാലത്തേക്കെങ്കിലും അവസാനിപ്പിച്ചത് സാധാരണക്കാരായ പ്രവർത്തകരിൽ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.

LatestDaily

Read Previous

ഹണിട്രാപ്പ്; ആവിക്കര യുവതി അറസ്റ്റിൽ ഒരു ഫോട്ടോയ്ക്ക് പ്രതിഫലം ലഭിച്ചത് അരലക്ഷം

Read Next

കാഞ്ഞങ്ങാട്ട് ഇടതു ഘടകക്ഷികളുടെ സീറ്റുകളിൽ ധാരണ