ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗുവാഹാട്ടി: അസമിൽ ജിംനേഷ്യം ട്രെയിനറായ യുവതി ഭർത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഗുവാഹട്ടി നിവാസിയായ ബന്ദന കലിറ്റ (31) രണ്ട് കൂട്ടാളികളുടെ സഹായത്തോടെ ഭർതൃമാതാവിനെയാണ് ആദ്യം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ കഷണങ്ങളാക്കി മേഘാലയയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ഗുവാഹട്ടി സ്വദേശികളായ അമർ ജ്യോതി ഡേ (32), അമ്മ ശങ്കരി ഡേ (52) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമറിന്‍റെ ഭാര്യ ബന്ദന, സുഹൃത്തുക്കളായ അരൂപ് ദേഖ, ദോന്തി ദേഖ എന്നിവരെ അറസ്റ്റ് ചെയ്തു. ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാനില്ലെന്ന് പരാതി നൽകി പൊലീസിനെ കബളിപ്പിച്ച യുവതിയെ വിശദമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
ജോലിക്ക് പോകാതെ ഭർത്താവ് പതിവായി മയക്കുമരുന്ന് ഉപയോഗിക്കുകയും നിരവധി സ്ത്രീകളുമായി ചങ്ങാത്തം കൂടിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന യുവതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അറസ്റ്റിലായ മറ്റ് പ്രതികളുമായി ബന്ദനയ്ക്ക് എന്ത് തരത്തിലുള്ള ബന്ധമാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. യുവതി ഇരുവരുമായും അടുപ്പത്തിലാണ്. എന്നാൽ ഇവരിൽ ആരെങ്കിലും യുവതിയുടെ കാമുകനാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഭർത്താവിനെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചെന്ന ആരോപണവും പൊലീസ് നിഷേധിച്ചു. അവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.