ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകൃഷ്ണദേവരായ സർവകലാശാല ക്യാമ്പസിനുള്ളിൽ ഹോമം നടത്താനൊരുങ്ങി അധികൃതർ. ഇതുസംബന്ധിച്ച് വൈസ് ചാൻസലർ സർക്കുലർ പുറത്തിറക്കി. ജീവനക്കാരുടെ മരണം മൂലമുണ്ടായ ദോഷ പരിഹാരത്തിനാണ് മഹാമൃത്യുഞ്ജയ ശാന്തി ഹോമം നടത്തുന്നതെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.രാമകൃഷ്ണ റെഡ്ഡി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഫെബ്രുവരി 24ന് രാവിലെ ഹോമം നടത്താനാണ് തീരുമാനം.
കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ കാരണങ്ങളാൽ സർവകലാശാലയിലെ അഞ്ച് ജീവനക്കാർ മരിച്ചത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വൈസ് ചാൻസലറുടെ വാദം. ഹോമത്തിനായി സ്ഥാപനത്തിലെ ജീവനക്കാരിൽ നിന്നും സംഭാവനകൾ ശേഖരിക്കുന്നുണ്ട്. അധ്യാപക ജീവനക്കാർ 500 രൂപയും അനധ്യാപകർ 100 രൂപ വീതവും നൽകണം.
അതേസമയം സർവകലാശാലയുടെ പേരിൽ സർക്കുലർ ഇറക്കി ക്യാമ്പസിനുള്ളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾ നടത്തേണ്ട സ്ഥലമല്ല, മറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്ന സ്ഥലമാണ് യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നാണ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്. സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫും എസ്.എഫ്.ഐയും പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ പ്രതിഷേധം വകവയ്ക്കാതെ ഹോമവുമായി മുന്നോട്ട് പോകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.