പൂക്കോയ മുങ്ങി; വീടുകളിൽ പരിശോധന

ഇന്നും ഇന്നലെയും പോലീസ് റജിസ്റ്റർ ചെയ്തത് 1 കോടിയുടെ കേസ്സുകൾ

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ സുത്രധാരൻ എം.സി. ഖമറുദ്ദീൻ എംഎൽഏ അറസ്റ്റിലായതോടെ, മുങ്ങിയ സിദ്ധൻ ടി.കെ. പൂക്കോയ തങ്ങൾക്കുവേണ്ടി ക്രൈംബ്രാഞ്ച് സംഘം ചന്തേരയിലെ വീട്ടിൽ ഇന്നലെ വീണ്ടും പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ചന്തേര ചെമ്പകത്തറയ്ക്ക് സമീപത്തെ ടി.കെ. പൂക്കോയയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്.


പോലീസ് പരിശോധനയ്ക്കെത്തുമ്പോൾ പൂക്കോയ തങ്ങളുടെ ഭാര്യ റംലയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൂക്കോയയുടെ മരുമകനും, ഫാഷൻ ഗോൾഡ് മാനേജരുമായ സൈനുൽ ആബിദ്, പൂക്കോയയുടെ മരുമകളുടെ മകനും, ജ്വല്ലറിയിലെ മുൻ ജീവനക്കാരനുമായ മജീദ് എന്നിവരുടെ താമസ സ്ഥലങ്ങളിലും, പോലീസ് പരിശോധന നടത്തി.


ഇവരിൽ മജീദിനെ മാത്രമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് നേരിൽ കാണാനായത്. ഫാഷൻ ഗോൾഡിന്റെ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന മജീദ് ജ്വല്ലറി പൂട്ടിയതോടെ ചന്തേരയിൽ വ്യാപാര സ്ഥാപനം തുടങ്ങിയിരുന്നു. മജീദിൽ നിന്നും ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.


സൈനുൽ ആബിദിനെ അന്വേഷിച്ചെത്തിയ സംഘത്തിന് ഇദ്ദേഹത്തെ നേരിൽക്കാണാൻ കഴിഞ്ഞിട്ടില്ല. സൈനുൽ ആബിദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ടി.കെ. പൂക്കോയ ഇന്നലെ കോടതിയിൽ ഹാജരാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, പൂക്കോയ കോടതിയിൽ എത്തിയില്ല. ഇതേതുടർന്നാണ് പൂക്കോയയ്ക്കുവേണ്ടി ക്രൈംബ്രാഞ്ച് വ്യാപകമായി വലവിരിച്ചത്. അതേസമയം, ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ചന്തേര പോലീസിൽ ഇന്നലെയും ഇന്നുമായി 6 കേസ്സുകൾ കൂടി റജിസ്റ്റർ ചെയ്തു.


നവംബർ 7,8 തീയ്യതികളിലായി 4 കേസ്സുകൾ ചന്തേരയിൽ റജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ യും ഇന്നുമായി റജിസ്റ്റർ ചെയ്ത 6 കേസ്സുകളിലായി 1 കോടി 1 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. ഉദിനൂർ മുള്ളോട്ട് കടവിലെ റംലത്ത് കെ.എൻ.പി, ചന്തേര ഏ.ജി. ഹൗസിലെ കുഞ്ഞി മൊയ്തീൻകുട്ടി എംടിപി, മകൾ ഷമീമ. ഏ.ജി, പടന്ന കാവുന്തലയിലെ കെ.ടി. ഐഷാബി എന്നിവരുടെ പരാതികളിലാണ് ഇന്നലെ 4 കേസ്സുകൾ റജിസ്റ്റർ ചെയ്തത്. 2017-18 കാലയളവിലാണ് മുള്ളോട്ട് കടവിലെ റംലത്തിന്റെ ഭർത്താവ് അബ്ദുൾ ബഷീറും മകളും ചേർന്ന് ഫാഷൻ ഗോൾഡിൽ 20 ലക്ഷം രൂപ നിക്ഷേപിച്ചത്. 2014-ലാണ് എംടിപി. കുഞ്ഞി മൊയ്തീൻകുട്ടി ഫാഷൻ ഗോൾഡിൽ 50 ലക്ഷം രൂപ നിക്ഷേപിച്ചത്.


2019-ലാണ് കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൾ ചന്തേര ഏ.ജി. ഹൗസിൽ ഏ.ജി. ഷമീമ ജ്വല്ലറിയിൽ 11 ലക്ഷം രൂപ നിക്ഷേേപിച്ചത്.  കാവുന്തലയിലെ കെ.ടി. ഐഷാബി 2017-ലാണ് ഫാഷൻ ഗോൾഡിൽ 3 ലക്ഷം രൂപ നിക്ഷേപിച്ചത്. 4 കേസ്സുകളിലും എം.സി. ഖമറുദ്ദീൻ എംഎൽഏയും, ടി.കെ. പൂക്കോയയും പ്രതികളാണ്. ചെറുവത്തൂർ കൊവ്വലിലെ റംല അസീസ്, ചെറുവത്തൂർ കൊവ്വലിൽ സിദ്ധീഖ് അഞ്ചില്ലത്ത് എന്നിവരുടെ പരാതികളിൽ രണ്ട് കേസ്സുകൾ കൂടി ഇന്ന് റജിസ്റ്റർ ചെയ്തു.


റംല അസീസ് 2018-ൽ 7 ലക്ഷം രൂപയും, സിദ്ധിഖ് അഞ്ചില്ലത്തിന്റെ പിതാവ് ഇ.പി. അബ്ദുൾ റഹിമാൻ ഹാജി 2018-ൽ 10 ലക്ഷം രൂപയുമാണ് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. ഇവരിൽ അബ്ദുൾ റഹിമാൻ ഹാജി ഒന്നരമാസം മുമ്പ് മരണപ്പെട്ടു. ഇതേതുടർന്നാണ് ഇദ്ദേഹത്തിന്റെ മകൻ പോലീസിൽ പരാതി നൽകിയത്.

LatestDaily

Read Previous

നീലേശ്വരത്ത് ജ്വല്ലറിയിൽ കവർച്ചാ ശ്രമം

Read Next

ഹണിട്രാപ്പ്; ആവിക്കര യുവതി അറസ്റ്റിൽ ഒരു ഫോട്ടോയ്ക്ക് പ്രതിഫലം ലഭിച്ചത് അരലക്ഷം