ജില്ലാ ആശുപത്രി കോവിഡാശുപത്രിയാക്കി മാറ്റിയത് നിർധന രോഗികളോടുള്ള വഞ്ചന

റിലേ നിരാഹാരം എട്ടാം ദിവസത്തിലേക്ക്

കാഞ്ഞങ്ങാട്: ഒരു മിനി മെഡിക്കൽ കോളേജിനുള്ള സകല സൗകര്യങ്ങളുമുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയായി പരിമിതപ്പെടുത്തിയത് ജനങ്ങളോടും, പാവപ്പെട്ട രോഗികളോടുമുള്ള വഞ്ചനയാണെന്ന് ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്.


ജില്ലാ ആശുപത്രി എല്ലാവിധ സംവിധാനങ്ങളോടുകൂടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തിപ്പെടുമ്പോൾ, സാധാരണക്കാർക്ക് ചികിത്സ നിഷേധിച്ച് ഈ ധർമ്മാശുപത്രി കോവിഡാക്കി മാറ്റിയതിന് പിന്നിലുള്ള ഗൂഢോലചന പുറത്ത് കൊണ്ടുവരണം.


നാനൂറോളം രോഗികളെ കിടത്തി ചികിത്സിക്കുന്ന ജില്ലാ ആശുപത്രി വെറും 16 കോവിഡ് രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് ആരുടെ താത്പ്പര്യത്തിന് വേണ്ടിയാണെന്ന ചോദ്യത്തിന് ആരോഗ്യവകുപ്പ് മറുപടി പറയണമെന്ന് അരവിന്ദൻ മാണിക്കോത്ത് ആവശ്യപ്പെട്ടു.


ജില്ലാ ആശുപത്രിയിൽ എല്ലാത്തരം രോഗികൾക്കും ചികിത്സയും പരിചരണവും നൽകണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മസമിതി നടത്തി വരുന്ന അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹത്തിന്റെ എട്ടാം ദിവസത്തെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലേറ്റസ്റ്റ് പത്രാധിപർ. കർമ്മസമിതി ചെയർമാൻ സി. യൂസഫ് ഹാജി ആദ്ധ്യക്ഷം വഹിച്ചു.


കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡണ്ടും മുസ്്ലീം ലീഗ് നോതാവുമായ ടി. അബൂബക്കർഹാജി, സിക്രട്ടറി സുകുമാരൻ മാസ്റ്റർ, സൂര്യനാരായണ ഭട്ട്, എം. അന്തുമാൻ ആറങ്ങാടി, പുരുഷോത്തമൻ, എം.എ. കുഞ്ഞി, സാമിക്കുട്ടി, കർമ്മസമിതി ഭാരവാഹികളായ ടി. മുഹമ്മദ് അസ്്ലം, രാജേന്ദ്രകുമാർ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, നാസർ കൊട്ടിലങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ പി. പ്രീതി, എം.കെ. അംബിക, മധു ഉദിനൂർ, പവിത്രൻ തോയമ്മൽ, പി. വിനോദ് എന്നിവരാണ് ഇന്ന് പന്തലിൽ സത്യാഗ്രഹമിരിക്കുന്നത്.


ഞായറാഴ്ചത്തെ നിരാഹാര സത്യാഗ്രഹസമരം മുൻനഗരസഭാ ചെയർപേഴ്സൺ കെ. ദിവ്യ ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണൻ കക്കാണത്ത് അദ്ധ്യക്ഷനായി. ഫാദർ ജോസ് മറീന മാത്യു, ശരത് അമ്പലത്തറ എന്നിവർ സംസാരിച്ചു. എം. സലീന, പി. പ്രശാന്തി, കെ.ടി. പ്രശാന്ത്, കെ.ടി. പ്രകാശൻ, ജയരാജൻ കണ്ണോത്ത് എന്നിവർ സത്യാഗ്രമനുഷ്ഠിച്ചു. ഇന്നത്തേക്ക് സമരം 8-ാം നാളിലേക്ക് കടന്നു.

LatestDaily

Read Previous

ഖമറുദ്ദീന്റെ അറസ്റ്റ്: ലീഗും യുഡിഎഫും പ്രതിരോധത്തിൽ

Read Next

സ്ഥാനാർത്ഥി തർക്കം: 3 പഞ്ചായത്തുകളിൽ ഐഎൻഎൽ ഒറ്റയ്ക്ക് മത്സരിക്കും