ഒരാൾക്ക് ഒരു പദവി  ലീഗ് കർശനമാക്കുന്നു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മുസ്്ലീം ലീഗിന്റെ സംഘടനാ സംവിധാനം പുനരാവിഷ്ക്കരിക്കുന്നതോടെ ഒരാൾക്ക് ഒരു പദവിയെന്ന നിബന്ധന പാർട്ടി കർശനമാക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒന്നിലധികം പദവികൾ വഹിക്കുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമെ കമ്മിറ്റികൾക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നൽകുകയുള്ളു.

ഇതിന്റെ ഭാഗമായി വിവിധ മണ്ഡലം കമ്മിറ്റികളുടെ പ്രഖ്യാപനം മാറ്റിവെച്ചിട്ടുണ്ട്. പാർട്ടി ഭാരവാഹിത്വം വഹിക്കുന്ന ത്രിതല പഞ്ചായത്തംഗങ്ങൾ, എംഎൽഏ, എം.പിമാർ സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ എന്നിവരെ നിബന്ധന ബാധിക്കും. തെരഞ്ഞെടുപ്പ് നടന്ന മലപ്പുറം നിയോജക മണ്ഡലമുൾപ്പെടെയുള്ള കമ്മിറ്റികളുടെ  പ്രഖ്യാപനം നടന്നിട്ടില്ല. ഒരാൾക്ക് ഒരു പദവിയുൾപ്പെടെ കാര്യങ്ങളിൽ ഉറപ്പ് വരുത്തിയ ശേഷം മാത്രമെ പുതിയ കമ്മിറ്റികൾക്ക് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കുകയുള്ളു.

ഇപ്രകാരം മാത്രമെ മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുകയുള്ളുവെന്ന് നിയുക്ത പ്രസിഡണ്ടും കേരള വഖഫ് ബോർഡ് മുൻ ചെയർമാനുമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരാൾക്ക് ഒരു പദവി കർശ്ശനമാക്കുന്നതോടെ ജില്ലാ -സംസ്ഥാന തലങ്ങളിലും മാറ്റങ്ങളുണ്ടാകും. ലീഗ് മലപ്പുറം ജില്ലാ ജനറൽ സിക്രട്ടറി യു.ഏ. ലത്തീഫ് എംഎൽഏ ഉൾപ്പെടെയുള്ളവർ മാറേണ്ട സാഹചര്യമാണുള്ളത്.

മുൻ എംഎൽഏ, അബ്ദുൾ റഹിമാൻ രണ്ടത്താണി, മുൻ മന്ത്രി പി.കെ. അബ്ദു റബ്ബ് തുടങ്ങിയവരുടെ പേരുകൾ മലപ്പുറം ജില്ലാ മുസ്്ലീം ലീഗ് ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുണ്ട്. ഇൗ മാസം 16,17,18 തീയ്യതികളിലാണ് മുസ്്ലീം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് ശേഷം മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്ന് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കും.

അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമെ ഒരാൾക്ക് ഒരു പദവി വിഷയത്തിൽ സംസ്ഥാന കമ്മിറ്റി ഇളവ് നൽകുകയുള്ളു. ഇളവ് നൽകുന്ന വിഷയം സംസ്ഥാന സിക്രട്ടറിയേറ്റ് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ദേശീയ ജനറൽ സിക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ വനിതാ ലീഗ് പുനഃസംഘടനാ വിഷയത്തിൽ ഒരാൾക്ക് ഒരു പദവി നിബന്ധനയിൽ ഇളവ് നൽകിയിരുന്നു. വനിതാ ലീഗ് ഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവ് നൽകിയത്.

LatestDaily

Read Previous

പ്ലാസ്റ്റിക് കത്തിച്ച നക്ഷത്ര റിസോർട്ടിന്  പിഴ

Read Next

വ്യാജ സന്ദേശം: യുവതിയുടെ പണം നഷ്ടപ്പെട്ടു