ഇന്ത്യൻ നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നഷ്ടം; അദാനി വിഷയത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് മൂലം ചെറുകിട ഇന്ത്യൻ നിക്ഷേപകർക്ക് 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സുപ്രീം കോടതി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അറിയിക്കാന്‍ സെബിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് തടയുന്നതിൽ സെബി പരാജയപ്പെട്ടുവെന്ന ഹർജികളിലാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിലും സുപ്രീം കോടതി നിലപാട് ആരാഞ്ഞു. കേന്ദ്ര ധനമന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് നിലപാട് അറിയിക്കേണ്ടതെന്ന് സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

തിങ്കളാഴ്ച നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് തടയാൻ സെബി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഹിൻഡൻബർഗ് ഇന്ത്യൻ നിയമവ്യവസ്ഥയുടെ പരിധിയിൽ വരില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

K editor

Read Previous

പ്രണയ ദിനം ‘കൗ ഹഗ് ഡെ’; വിവാദ ഉത്തരവ് പിൻവലിച്ച് ആനിമൽ വെൽഫെയർ ബോർഡ്

Read Next

മന്ത്രവാദ ചികിത്സയുടെ പേരിൽ പല്ല് തകർത്തു, നിലത്തെറിഞ്ഞു; ഒരു വയസുകാരന് ദാരുണാന്ത്യം