“ലോക്സഭയിൽ പോയി കിളയ്ക്കാം”  കെ. സുധാകരന്റെ പ്രസ്താവന വിവാദത്തിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സംസ്ഥാനത്തു നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യുഡിഎഫ് എംപിമാരുടെ പ്രകടനത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് കെപിസിസി പ്രസിഡണ്ടും കണ്ണൂർ എംപിയുമായ കെ.സുധാകരൻ നൽകിയ മറുപടിക്കെതിരെ വിമർശനമുയരുന്നു.

ലോക്സഭയിലെ യുഡിഎഫ് എംപിമാരുടെ പ്രകടനത്തെച്ചൊല്ലിയുള്ള ചോദ്യത്തെ പരിഹാസത്തോടെയാണ് കെ. സുധാകരൻ നേരിട്ടത്. ലോക്സഭയിൽ പോയി കിളയ്ക്കാനാകില്ലെന്ന അർത്ഥത്തിലായിരുന്നു കെ. സുധാകരന്റെ മറുപ ടി. കെ. സുധാകരൻ ലോക്സഭയിൽ ഹാജരാകുന്നില്ലെന്ന വിമർശനം നിലനിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം.

കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട ന്യായമായ സഹായങ്ങൾ നേടിയെടുക്കാൻ കഴിയാതെ കേരള ബജറ്റിലെ ഇന്ധന സെസിനെതിരെ സമരം നടത്തുന്നതിനെച്ചൊല്ലിയുള്ള ചോദ്യമാണ്  കെ. സുധാകരനെ ക്ഷുഭിതനാക്കിയത്. യുഡിഎഫ് എംപിമാരിൽ പാർലിമെന്റിൽ ഏറ്റവും കുറവ് ഹാജർ നിലയുള്ള കെ. സുധാകരൻ പാർട്ടി പ്രവർത്തനത്തിന്റെ തിരക്കിൽ ലോക്സഭയിൽ ഹാജരാകാറില്ല.

ഏറെക്കാലത്തിന് ശേഷം ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കെ. സുധാകരൻ ലോക്സഭയിൽ കയറുന്നതിന് പകരം രാജ്യസഭയിൽ കയറിയത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. പ്രസ്തുത സംഭവത്തിൽ കെ. സുധാകരൻ പരിഹാസവിധേയനായിരുന്നു. പൊതു തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിലൂടെ എംപിയായി തെരഞ്ഞെടുക്കപ്പെട്ടയാളെന്ന നിലയിൽ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ പാർലിമെന്റിൽ സംസാരിക്കാൻ പോലും കെ. സുധാകരൻ ശ്രമിക്കാറില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

പാർലിമെന്റിൽ പോയി കിളയ്ക്കാനാകില്ലെന്ന കെ. സുധാകരന്റെ മറുപടി കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്കിടയിലും പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. കോടികൾ ചെലവാക്കി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ വായിൽ നിന്നും ഇത്തരത്തിലുള്ള പരാമർശങ്ങളുണ്ടാകുന്നത് പരിഹാസ്യമാണെന്നാണ് വോട്ടർമാരുടെ നിലപാട്. പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനാകുന്നില്ലെങ്കിൽ അദ്ദേഹം എംപി സ്ഥാനം രാജിവെക്കണമെന്നാണ് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ പൊതുവികാരം.

കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിന് നൽകിയിരുന്ന ജിഎസ്ടി വിഹിതം വെട്ടിക്കുറച്ചതടക്കമുള്ള നടപടികളുണ്ടായപ്പോൾ, ലോക്സഭയിലെ യുഡിഎഫ് എംപിമാർ പ്രതികരിച്ചില്ലെന്നാണ് ആക്ഷേപം. ഈ വിഷയം പ്രചാരണായുധമാക്കിയാണ് എൽഡിഎഫ് ഇന്ധന സെസിനെ ന്യായീകരിക്കുന്നത്. ഇന്ധന സെസിനെതിരെ കോൺഗ്രസ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇന്ധനത്തിന് സെസ് ചുമത്തിയത് ഉയർത്തിക്കാട്ടി പ്രതിരോധിക്കുകയെന്നതാണ് ഇടതു തന്ത്രം.

LatestDaily

Read Previous

ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗം , മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

Read Next

ബസിൽ നിന്നും തെറിച്ചു വീണയാൾ മരിച്ചു