ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗം , മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

സ്റ്റാഫ് ലേഖകൻ

ബേക്കൽ : പ്രമാദമായ ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗക്കേസ്സിൽ ഒളിവിലുള്ള മൂന്ന് പ്രതികളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തു. പ്രതികളായ അഷ്റഫ് പച്ചേരി 35, അബ്ദുൾ റഹ്്മാൻ 38, മുനീർ കെ.വി. 39, എന്നിവരെ കണ്ണൂർ വുമൺ സെൽ ഇൻസ്പെക്ടർ സുധയാണ് ഇന്ന് പുലർച്ചെ മൂവരുടെയും വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഇൗ കേസ്സിൽ മധൂർ സ്വദേശി റിയാസുദ്ദീനെയാണ് മധൂർ ഒളയത്തടുക്കയിൽ ക്രൈംബ്രാഞ്ച് സംഘം ആദ്യം അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്ലസ്ടു പഠന കാലത്ത് കാസർകോട് സിപിസി ആർഐക്ക് സമീപം ക്വാർട്ടേഴ്സിൽ താമസിച്ചുവരുമ്പോഴാണ് ആദ്യ ബലാത്സംഗം നടന്നത്.

രണ്ടാം പ്രതി മൊയ്തീൻ കുഞ്ഞിയെ ചെർക്കളയിലെ ക്വാർട്ടേഴ്സിൽക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൂന്നും നാലും പ്രതികളായ ഉദുമ പടിഞ്ഞാർ സ്വദേശികളായ ഇർഷാദ്, പ്രസീത് എന്നിവർ ഇൗ കേസ്സന്വേഷിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങുകയായിരുന്നു.

പ്രതികളിലൊരാളായ ഗഫൂർ 34, ജാമ്യത്തിലിറങ്ങിയെങ്കിലും, അറസ്റ്റിലായ മറ്റൊരു പ്രതി നൗഷാദ് 90 ദിവസമായി ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്. ഗൾഫിലും നാട്ടിലും ഏറെ പ്രമാദമായിത്തീർന്ന ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗക്കേസ്സിൽ മൊത്തം 21 പ്രതികളുണ്ട്.ഇവരിൽ 9 പേർ ഇതിനകം അറസ്റ്റിലായി. 6 പേർ ഗൾഫിലാണ്. 

ഭർത്താവ് ഗൾഫിലായിരുന്ന 2016 മുതൽ 2018 വരെയുള്ള കാലയളവിൽ 21 പ്രതികളും മാറി മാറി ഉദുമ പടിഞ്ഞാറുള്ള യുവതിയുടെ വീട്ടിൽ രാത്രി കാലത്ത് അതിക്രമിച്ചു കടക്കുകയും, യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസ്സിലാണ് 3 പ്രതികളെ ക്രൈംബ്രാഞ്ച് ഇന്ന് പ്രതികളുടെ ഭാര്യാ ഗൃഹങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഇന്ന് അറസ്റ്റിലായ പ്രതി അഷ്റഫ് പച്ചേരി അവിവാഹിതനാണ്. പ്രതികളെ മൂന്നുപേരെയും ഇന്ന് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിയിൽ ഹാജരാക്കും. ഇന്ന് അറസ്റ്റിലായ പ്രതികളിൽ മുനീർ കെ. വിയടക്കം കഴിഞ്ഞ മാസം ഒളിവിലിരുന്ന് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നുവെങ്കിലും, സുപ്രീംകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിക്കളയുകയും ചെയ്തിരുന്നു.

LatestDaily

Read Previous

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ; സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

Read Next

“ലോക്സഭയിൽ പോയി കിളയ്ക്കാം”  കെ. സുധാകരന്റെ പ്രസ്താവന വിവാദത്തിൽ