ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ അവശേഷിക്കവേ നീലേശ്വരം മുൻസിപ്പാലിറ്റി യു ഡി എഫിൽ നാല് സീറ്റിൽ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികൾ സംബന്ധിച്ച് ധാരണയിലായി. ലീഗിന്റെ ഉറച്ച സീറ്റുകളായ ഡിവിഷൻ 22 കോട്ടപ്പുറത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് റഫീക്ക് കോട്ടപ്പുറവും, 28 തൈക്കടപ്പുറം സീ റോഡ് ഡിവിഷനിൽ സാദിക്ക് വേലിക്കോത്തും മത്സരിക്കും.
ലീഗ് – ഐ എൻ എൽ മത്സരം നടക്കുന്ന ഡിവിഷൻ 26 തൈക്കടപ്പുറം സെന്ററിൽ മുൻ കൗൺസിലർ കെ സൈനുദീനും, 21 ആനച്ചാലിൽ നീലേശ്വരം നഗരത്തിലെ യുവ വ്യാപാരി അഫ്‌സറും മത്സരിക്കും. അഫസർ സ്വാതന്ത്രനായിട്ടാണ് മത്സരിക്കുക. നിലവിൽ കോട്ടപ്പുറത്ത് എം സാജിതയും, തൈക്കടപ്പുറം സെന്ററിൽ എൻ പി ഐശാബിയും, തൈക്കടപ്പുറം സീ റോഡിൽ വി കെ റഷീദയും ആനച്ചാലിൽ നിലവിലെ വൈസ് ചെയർ പേഴ്‌സൺ വി ഗൗരിയുമാണ് കൗൺസിലർമാർ.
അറിയപ്പെടുന്ന ലീഗ് നേതാവായ റഫീഖ് കോട്ടപ്പുറം ലീഗ് സംസ്ഥാന കൗൺസിലറും, കെ എം സി സി കുവൈറ്റ് കമ്മറ്റിയുടെ മുൻ ദേശീയ പ്രസിഡണ്ടുമാണ്. ലീഗ് മുൻസിപ്പൽ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. എതിർസ്ഥാനാർഥി ശക്തമല്ലെങ്കിൽ റഫീഖ് കോട്ടപുറത്തിന്റെ വിജയം സുനിശ്ചിതമാണ്. തൈക്കടപ്പുറം സീ റോഡ് ഡിവിഷനിൽ മത്സരിക്കുന്ന സാദിക്ക് വേലിക്കോത്ത് കോട്ടപ്പുറം സ്വദേശിയാണെകിലും നിലവിൽ തൈക്കടപ്പുറത്താണ് താമസം. അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനും കൂടിയാണ്. ലീഗിന്റെ ഉറച്ച ഡിവിഷനായ ഇവിടെ എതിർസ്ഥാനാർഥിശക്തനല്ലെങ്കിൽ ലീഗിന് വിജയം എളുപ്പമാകും. തൈക്കടപ്പുറം സെന്ററിൽ സാധാരണ സി പി എം ആണ് മത്സരിക്കാറുള്ളതെങ്കിലും ഈ തവണ ഐ എൻ എൽ ആണ് മത്സര രംഗത്തിറങ്ങുക.
കെ സൈനുദീൻ മുൻ കൗൺസിലറായത് കൊണ്ട് മണ്ഡലത്തിൽ സുപരിചിതനാണ്. സൗഹൃദവും കഴിഞ്ഞ കാല ജനോപകാര പ്രവർത്തികളും വോട്ട് ആക്കി മാറ്റാനുളള ഒരുക്കത്തിലാണ് സൈനുദ്ധീനും പാർട്ടിയും. ഇടത് പക്ഷത്തിന്റെ ഉറച്ച ഡിവിഷനായ ആനച്ചാലിൽ വാർഡ് രൂപീകരിച്ചതിന് ശേഷം ഐ എൻ എൽ ഉം സി പി എം മാണ് വിജയിച്ചത്. നിലവിൽ സി പി എം ലെ ഗൗരിയും ഇതിന് മുമ്പ് സി പി ലെ തന്നെ പുരുഷോത്തമനും അതിന് മുമ്പ് ഐ എൻ എൽ ലെ പി എം എച് അഫ്‌സത്തുമായിരുന്നു കൗൺസിലർ മാർ.
ആനച്ചാൽ ഡിവിഷനിലെ മത്സരം ശക്തമാവുമെങ്കിലും അഫ്‌സറിന്റെ സ്ഥാനാർത്ഥിത്വം ലീഗിന് പ്രതീക്ഷ നൽകുന്നുണ്ട്. യു ഡി എഫ് പ്രവർത്തകർക്ക് പുറമെ ഇടത് പക്ഷ പ്രവർത്തകരിലും അഫ്‌സറിന് നല്ല വ്യക്തി ബന്ധമുണ്ട്. കൂടാതെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും മർച്ചന്റ് അസോസിയേഷന്റ യൂത്ത് വിങ്ങിന്റെ സജീവ ഭാരവാഹി കൂടിയാണ്. നീലേശ്വരം നഗരത്തിലെ പ്രമുഖ വ്യാപാരിയായ പൂമാടം മുസ്തഫയുടെ മൂത്ത മകനാണ്.
പൂമാടം കുടുംബക്കാർ അധികവുമുള്ള ആനച്ചാലിൽ അഫ്‌സറിന്റെ വിജയം ഉറപ്പിച്ചിരിക്കുകയാണ് ലീഗ്. പൂമാടം കുടുംബത്തിന് 150 ഓളം വോട്ടുകൾ ആനച്ചാലിൽ ഉണ്ട്. അഫ്‌സറിന്റെ വ്യക്തി ബന്ധങ്ങൾ വോട്ട് ആയി മാറിയാൽ യു ഡി എഫിന് ആനച്ചാലിൽ വിജയിക്കാനാകും.