ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാസർകോട്: ഡിസിസി പുനഃസംഘടനയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ കാസർകോട് ഗസ്റ്റ്ഹൗസിൽ നടന്ന ഉപസമിതി യോഗം തീരുമാനമാകാതെ തല്ലിപ്പിരിഞ്ഞു. ഫിബ്രവരി 7-നകം ഡിസിസി ഭാരവാഹികളെയും ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരെയും നിയമിക്കുന്നതിനാണ് ഇന്നലെ ഉച്ചയ്ക്ക് 12- മണിക്ക് കാസർകോട് ഗസ്റ്റ്ഹൗസിൽ കെ.പി.സി. ജനറൽ സിക്രട്ടറി സോണി സെബാസ്റ്റ്യന്റെ സാന്നിദ്ധ്യത്തിൽ ഉപസമിതി യോഗം ചേർന്നത്.
യോഗം ആരംഭിച്ച് മിനുറ്റുകൾക്കുള്ളിൽ ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ ഭാരവാഹികളുടെ സാധ്യതാ പട്ടിക വായിച്ചതോടെയാണ് യോഗത്തിൽ പരസ്പരം പോർവിളി മുഴങ്ങിയത്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലും , കെ. ഗോവിന്ദൻ നായർ, എം. അസിനാർ, രമേശൻ കരുവാച്ചേരി, പെരിയ ബാലകൃഷ്ണൻ എന്നിവരും ലിസ്റ്റിനെതിരെ പരസ്യമായി പ്രതികരിച്ചതോടെയാണ് യോഗം ബഹളമയമായത്.
താൻ അവതരിപ്പിച്ച ലിസ്റ്റ് അംഗീകരിച്ചാൽ മതിയെന്ന് പി.കെ. ഫൈസൽ ആവർത്തിച്ചതോടെ ,ക്ഷുഭിതനായ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഡിസിസി പ്രസിഡണ്ടിന്റെ കരണം അടിച്ചു പുകയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യോഗത്തിൽ നേതാക്കൾ തമ്മിൽ പരസ്പരം വെല്ലുവിളിയായി.
ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ തൽസ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത 10 ഉപസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ പി.കെ. ഫൈസൽ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ സവർക്കറുടെ ചിത്രം വെച്ചതിനെച്ചൊല്ലിയും യോഗത്തിൽ കടുത്ത വിമർശനമുയർന്നു.
ഡിസിസിയുടെ ഫണ്ട് പിരിവിനെക്കുറിച്ച് അന്വേഷിക്കണമെന്നും റിപ്പോർട്ട് വരുന്നതുവരെ പി.കെ. ഫൈസൽ ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ചെറുവത്തൂരിലെ 2 സമ്പന്നരെ ഡിസിസി ഭാരവാഹികളാക്കാൻ പി.കെ. ഫൈസൽ വൻ തുക കൈപ്പറ്റിയതായും ഇന്നലെ നടന്ന യോഗത്തിൽ ആരോപണമുയർന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സ്ഥിരം യാത്രികനായിരുന്ന ശ്രീവത്സൻ ചീമേനിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ കോൺഗ്രസിന്റെ കാഞ്ഞങ്ങാട്ടെ നേതാക്കളെ ക്ഷണിക്കാത്തതിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു.