തുർക്കിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ അയക്കാൻ ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികളും നൽകും

ന്യൂഡൽഹി: ഭൂചലനത്തിൽ തകർന്ന തുർക്കിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) അയയ്ക്കാൻ ഇന്ത്യയുടെ തീരുമാനം. ഡോക്ടർമാരെയും ദുരിതാശ്വാസത്തിന് ആവശ്യമായ വസ്തുക്കളും അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് ദുരന്ത നിവാരണ സേനയെ അയക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. 100 പേർ വീതമുള്ള രണ്ട് എൻ.ഡി.ആർ.എഫ് ടീമുകളെയും വിദഗ്ധ പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെയുമാണ് അയക്കുന്നത്. ഡോക്ടർമാർക്കൊപ്പം മെഡിക്കൽ സംഘവും മരുന്നുകളും ഉണ്ടാകും. തുർക്കിയിലെ ഇന്ത്യൻ എംബസി വഴിയാണ് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുക. കാബിനറ്റ് സെക്രട്ടറിമാരും ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 1,400 ലധികം പേരാണ് മരിച്ചത്. തുർക്കിയിൽ മാത്രം 912 പേർ മരിക്കുകയും 5,383 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രസിഡന്‍റ് റജബ് തയിപ് എർദോഗൻ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ എത്ര ഉയരുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

നഴ്‌സുമാർക്കെതിരെ അശ്ലീല പരാമര്‍ശം; ഒടുവിൽ മാപ്പുപറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ

Read Next

20% എഥനോള്‍ അടങ്ങിയ പെട്രോള്‍ വിപണിയിലിറക്കി കേന്ദ്ര സർക്കാർ