ബിജെപിക്ക് വെല്ലുവിളിയായി സിപിഎം കോൺഗ്രസ് സഖ്യം; പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ പ്രചാരണത്തിന്

അഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുമായി സി.പി.എം – കോൺഗ്രസ് സഖ്യം. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്.

സ്ഥാനാർത്ഥി നിർണയത്തോടെ സംസ്ഥാനത്ത് ബി.ജെ.പി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ആദ്യഘട്ടത്തിൽ എത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉടനെ എത്തും. സിപിഎമ്മും കോൺഗ്രസും കൈകോർത്തത് ത്രിപുരയുടെ വികസനത്തിനല്ല, മറിച്ച് അവരുടെ നിലനിൽപ്പിനു വേണ്ടിയാണെന്ന് ഗോമതി ജില്ലയിലെ അമർപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ നഡ്ഡ പറഞ്ഞു. അഗർത്തലയിൽ നടൻ മിഥുൻ ചക്രബർത്തി ശനിയാഴ്ച ബിജെപിക്ക് വേണ്ടി റോഡ് ഷോ നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 40 താരപ്രചാരകരെയാണ് ബി.ജെ.പി രംഗത്തിറക്കാൻ തയ്യാറെടുക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 50 ഓളം തിരഞ്ഞെടുപ്പ് റാലികളും സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ നേതാക്കളായ സുവേന്ദു അധികാരി, ദിലീപ് ഘോഷ്, ചലച്ചിത്ര താരങ്ങളായ ഹേമ മാലിനി, മനോജ് തിവാരി, ലോക്കറ്റ് ചാറ്റർജി എന്നിവരും വരും ദിവസങ്ങളിൽ ബിജെപിക്ക് വേണ്ടി വോട്ട് പ്രചാരണത്തിനിറങ്ങും.

K editor

Read Previous

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണകേന്ദ്രം ഫെബ്രുവരി 6ന് പ്രവർത്തന സജ്ജമാകും

Read Next

മദ്യലഹരിയിൽ ഭാര്യക്ക് നേരെ ആക്രമണം; വിനോദ് കാംബ്ലിക്കെതിരെ പോലീസ് കേസ്