പോക്സോ കേസ്സിൽ മോചിതനായി മാനഭംഗശ്രമക്കേസ്സിൽ അറസ്റ്റിൽ

ആദൂർ: പോക്സോ കേസ്സിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ മാനഭംഗശ്രമക്കേസ്സിൽ വീണ്ടും പോലീസ് പിടികൂടി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മല്ലാവാരയിൽ താമസിക്കുന്ന യുവാവാണ് പ്രതി.

മല്ലാവാരയിലെ സുന്ദരന്റെ മകൻ സുധീഷിനെയാണ് 32, മാനഭംഗശ്രമക്കേസ്സിൽ ആദൂർ എസ്.ഐ, ഇ. രത്നാകരനും സംഘവും കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്തത്. 5-ാം തീയ്യതി രാത്രിയാണ് സുധീഷ് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി കടന്നുപിടിച്ചത്.

പെൺകുട്ടിയുടെ രക്ഷിതാക്കൾ വീട്ടിലുള്ളപ്പോൾ തന്നെയാണ് സുധീഷ് അടുക്കള വഴി വീട്ടിൽക്കയറി പെൺകുട്ടിയെ കയറിപ്പിടിച്ചത്.  തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 2016-ൽ ആദൂർ പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ പ്രതിയായ സുധീഷ് കേസ്സിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജയിലിലായിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാരിന്റെ പ്രത്യേക പരിഗണനയനുസരിച്ച് ശിക്ഷാ കാലാവധി തീരാറായ ചില തടവ്പുള്ളികളെ വിട്ടയച്ചിരുന്നു. ഈ ആനുകൂല്യത്തിൽ ജയിൽ മോചിതനായ യുവാവാണ് സുധീഷ്. ആദൂർ എസ്ഐ, അറസ്റ്റ് ചെയ്ത പ്രതിയെ സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറിയിട്ടുണ്ട്.

മാനഭംഗ ശ്രമത്തിനിരയായ പെൺകുട്ടി പട്ടിക വിഭാഗത്തിൽപ്പെട്ടതിനാൽ കേസ് എസ്എംഎസിന് കൈമാറി. പ്രതിയെ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

നിക്ഷേപത്തട്ടിപ്പിൽ അറേബ്യൻ ജ്വല്ലറിയും

Read Next

പിലിക്കോട് പഞ്ചായത്ത് യുഡിഎഫിൽ ഗ്രൂപ്പുകൾ ബലാബലത്തിൽ