മൈസൂരു-ബെംഗളൂരു പത്ത് വരി പാതയില്‍ ഫെബ്രുവരി 15 മുതൽ ടോൾ

ബെംഗളൂരു: ബെംഗളൂരു-മൈസൂരു പത്ത് വരി എക്സ്പ്രസ് പാതയിലെ ആദ്യഘട്ട ടോൾ പിരിവ് ഫെബ്രുവരി 15 മുതൽ ആരംഭിക്കും. ബെംഗളൂരു-നിദാഘട്ട സെക്ഷനിലാണ് ആദ്യം ടോൾ ഈടാക്കുക. നിദാഘട്ട മുതൽ മൈസൂരു വരെയുള്ള ഭാഗത്ത് ടോൾ പിരിവ് പിന്നീട് നടത്തും. ടോൾ പിരിവ് ആരംഭിക്കുന്ന വിവരം മൈസൂർ എം പി പ്രതാപ്സിംഹ തിങ്കളാഴ്ചയാണ് അറിയിച്ചത്.

പാതയിൽ ആകെ മൂന്ന് ടോൾ ബൂത്തുകളാണുള്ളത്. ഇതിൽ രണ്ട് ടോൾ ബൂത്തുകളിൽ നിന്ന് ടോൾ ശേഖരിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അധികൃതർ അറിയിച്ചു. മൈസൂരു-നിദാഘട്ട സെക്ഷനിലെ ശ്രീരംഗപട്ടണത്തിനടുത്തുള്ള ഗനഗുരുവിലാണ് ആദ്യ ടോൾ ബൂത്ത്. ബെംഗളൂരു-നിദാഘട്ട സെക്ഷനിൽ ബിഡദിക്കടുത്തുള്ള കനിമിനികെയിലാണ് രണ്ടും മൂന്നും ടോൾ ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്.

ഓരോ ടോൾ ബൂത്തിലും 11 ഗേറ്റുകളുണ്ടാകും. അത്യാധുനിക ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫാസ്ടാഗ് സംവിധാനവും ഉണ്ടാകും. അതേസമയം, ടോൾ നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല. മൊത്തം പദ്ധതിച്ചെലവും പ്രതിദിന വാഹനങ്ങളുടെ എണ്ണവും കണക്കാക്കിയ ശേഷം മാത്രമേ ടോൾ നിരക്ക് തീരുമാനിക്കൂവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.

K editor

Read Previous

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; പൊതുബജറ്റ് ബുധനാഴ്ച

Read Next

വിസ്താര വിമാനത്തില്‍ മദ്യപിച്ച് അര്‍ധനഗ്നയായി നടന്നു; ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍