ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രാഹുൽ

ശ്രീനഗർ: ജോഡോ യാത്രയ്ക്ക് നല്‍കിയ പിന്തുണയ്ക്കു നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. “3500 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ജനങ്ങളുടെ പിന്തുണയാണ് യാത്ര പൂർത്തിയാക്കാൻ കാരണം. ജനങ്ങൾ നൽകിയ സ്നേഹം പലപ്പോഴും എന്നെ വികാരാധീനനാക്കി”, സമാപന സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

ശ്രീനഗറിലെ പാർട്ടി ഓഫീസിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖർഗെ പതാക ഉയർത്തി സമാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മെഗാ റാലിയിൽ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു. സി.പി.എം വിട്ടുനിന്നപ്പോൾ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പങ്കെടുത്തു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, ആർഎസ്പിയിൽ നിന്നുള്ള എൻ കെ പ്രേമചന്ദ്രൻ എന്നിവരും മറ്റ് പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലിയെ അഭിസംബോധന ചെയ്തു.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയപാത അടച്ചിരുന്നു. വിമാന സർവീസുകളെയും മഞ്ഞു വീഴ്ച ബാധിച്ചിരുന്നു. സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല നേതാക്കൾക്കും എത്തിച്ചേരാൻ കഴിഞ്ഞില്ല. വിസ്താര എയർലൈൻസ് ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കി. 21 പാർട്ടികളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ ചിലർ പങ്കെടുത്തില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ടിഡിപി തുടങ്ങിയ പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കാതിരുന്ന പ്രമുഖ കക്ഷികൾ.

K editor

Read Previous

ബജറ്റ് അവതരണത്തിന് അനുമതി നൽകാതെ ഗവർണർ; തെലങ്കാന സർക്കാർ കോടതിയിൽ

Read Next

ഇടവേള ബാബുവിനെ അധിക്ഷേപിച്ചു; വ്ലോഗർ പൊലീസ് കസ്റ്റഡിയിൽ