ഓപ്പറേഷൻ താമരയെന്ന് സംശയം; ഐപിഎഫ്ടി നേതാക്കൾ ഫോൺ എടുക്കുന്നില്ലെന്ന് പ്രദ്യോത് ബിക്രം

അഗര്‍ത്തല: ത്രിപുരയിൽ ‘ഓപ്പറേഷൻ താമര’യെന്ന് ആരോപിച്ച് തിപ്ര മോത്ത പാർട്ടി തലവൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി ചർച്ച നടത്തിയ ശേഷം പാർട്ടി നേതാക്കൾ തന്‍റെ ഫോൺ കോളുകൾ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച രാവിലെ 11 മണി മുതൽ ഐപിഎഫ്ടി നേതാക്കളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 21ന് തിപ്ര മോത്ത പാർട്ടി ഐപിഎഫ്ടിയുമായി ചർച്ച നടത്തിയിരുന്നു. മന്ത്രിയും പാർട്ടി വർക്കിങ് പ്രസിഡന്‍റുമായ പ്രേം കുമാർ റീങാണ് ഐപിഎഫ്ടി ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഗുവാഹത്തിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഐപിഎഫ്ടിയെ തിപ്ര മോത്തയുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദ്യോത് കത്തെഴുതിയതിനെ തുടർന്നാണ് ചർച്ച നടത്തിയത്.

അതേസമയം ആരുമായും സഖ്യത്തിനില്ലെന്ന് പ്രദ്യോത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഐപിഎഫ്ടിയും തിപ്ര മോത്തയുമാണ് ത്രിപുര വിഭജിച്ച് ഗ്രേറ്റർ തിപ്രലാൻഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പാർട്ടികൾ. ബിജെപിയും ഇടത്-കോൺഗ്രസ് മുന്നണിയും തിപ്ര മോത്തയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യത്തിൽ രേഖാമൂലം ഉറപ്പ് നൽകാൻ ആരും തയ്യാറാകാത്തതിനാലാണ് സഖ്യം വേണ്ടെന്ന് തീരുമാനിച്ചതെന്ന് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ പറഞ്ഞു.

K editor

Read Previous

ഗ്യാസ് സിലിൻഡർ  പൊട്ടിത്തെറിച്ചു

Read Next

ബിഹാറിലെ മാവോയിസ്റ്റ് മേഖലയിൽ നടത്തിയ റെയ്ഡിൽ 162 ബോംബുകൾ പിടിച്ചെടുത്തു