ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം: നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിൽ ഒഴിവു വന്ന തസ്തികകളിലെ നിയമനത്തെച്ചൊല്ലി കോൺഗ്രസ്സിൽ തർക്കം. ബാങ്കിൽ ഒഴിവു വന്ന 9 തസ്തികകളുടെ വീതം വെയ്പ്പിനെച്ചൊല്ലിയാണ് കോൺഗ്രസ്സിൽ തർക്കം ഉടലെടുത്തത്. ജൂനിയർ ക്ലാർക്ക്, പ്യൂൺ, നൈറ്റ് വാച്ച്മാൻ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പരീക്ഷാബോർഡ് റാങ്ക് പട്ടിക തയ്യാറാക്കി ഫെബ്രുവരി 1, 2 തീയ്യതികളിൽ ഇന്റർവ്യൂ നടക്കാനിരിക്കെയാണ് തസ്തികകൾ വീതം വെക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നേതാവ് വിവാദം സൃഷ്ടിച്ചത്.
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നീലേശ്വരം മണ്ഡലത്തിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളോട് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത പട്ടികയിൽ കഴിഞ്ഞ ദിവസം നീലേശ്വരം മണ്ഡലം കമ്മിറ്റി ആസ്ഥാനത്ത് നടന്ന നേതൃയോഗത്തിൽ നിയമന ചർച്ച നടന്നപ്പോഴാണ് ഡിസിസി ജനറൽ സിക്രട്ടറി മാമുനി വിജയൻ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് തയ്യാറായെന്നും ചർച്ചയുടെ ആവശ്യമില്ലെന്നും പുറത്തുവിട്ടത്.
ഇതേത്തുടർന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണനും, ബാങ്ക് പ്രസിഡണ്ട് എം. രാധാകൃഷ്ണനും, മാമുനി വിജയനും തമ്മിൽ തർക്കം നടന്നു. താൻ നിർദ്ദേശിക്കുന്ന 4 പേർക്ക് ബാങ്കിൽ ജോലി നൽകണമെന്ന് മാമുനി വിജയൻ നിർദ്ദേശിച്ചതോടെയാണ് നിയമനത്തിൽ തർക്കം ഉടലെടുത്തത്. തുടർന്ന് മണ്ഡലം കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ മാമുനി വിജയൻ കൊയാമ്പുറം, കടിഞ്ഞിമൂല, മൂലപ്പള്ളി, പുറത്തേക്കൈ പ്രദേശങ്ങളിലുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലി വാഗ്ദാനം നൽകിയതായി പുറത്തുവന്നു.
ഇവരിൽ നിന്നും മാമുനി വിജയൻ പണം കൈപ്പറ്റിയതായും ആരോപണമുയർന്നു. ഉദ്യോഗ നിയമനത്തിലെ അഴിമതിയാരോപണത്തെ സംബന്ധിച്ച് ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ, കെപിസിസി സിക്രട്ടറി എം. അസിനാർ മുതലായ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലും തന്റെ നാല് നോമിനികളെ നിയമിക്കണമെന്ന് മാമുനി വിജയൻ നിർബ്ബന്ധം പിടിച്ചതോടെ ചർച്ച പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ബാങ്ക് നിയമന പ്രശ്നം രമ്യമായി പരിഹരിച്ചില്ലെങ്കിൽ നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.