ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണ വിധേയം: ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്

മുംബൈ: രാജ്യത്തിന്റെ കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) നിയന്ത്രണ വിധേയമാണെന്നും പരിധിക്കുള്ളിലാണെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ആഗോള ഡിമാൻഡ് കുറയുന്നത് ചരക്ക് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ, ശക്തമായ സേവന കയറ്റുമതി അതിന്‍റെ ആഘാതം ഒരു പരിധിവരെ നികത്തുന്നുണ്ട്. ഫിക്സഡ് ഇൻകം മണി മാർക്കറ്റ് ആൻഡ് ഡെറിവേറ്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 22-ാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ശരാശരി കറന്‍റ് അക്കൗണ്ട് കമ്മിയും ജിഡിപിയും തമ്മിലുള്ള അനുപാതം 3.3 ശതമാനമായിരുന്നു. ചരക്ക് വ്യാപാരത്തിലെ കുറവ് കാരണം കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) 2023 സാമ്പത്തിക വർഷത്തിൽ 4.4 ശതമാനമായി ഉയർന്നു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കായ 83.5 ബില്യൺ ഡോളറിലെത്തി.

നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം കുറഞ്ഞെങ്കിലും പ്രധാന പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിലെ 7.41 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 5.72 ശതമാനമായും നവംബറിൽ 5.88 ശതമാനമായും പണപ്പെരുപ്പം കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ പണപ്പെരുപ്പം 5.9 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിസംബറിലെ പണനയത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 2023-24 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ പണപ്പെരുപ്പം 5 ശതമാനമാകുമെന്നാണ് സിപിഐ പ്രവചിക്കുന്നത്.

K editor

Read Previous

മധ്യപ്രദേശിലെ യുദ്ധവിമാനാപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

Read Next

വീണ്ടും പേര് മാറ്റൽ; രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി ‘അമൃത് ഉദ്യാൻ’