ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദേശം നൽകിയത്. ശിക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഫൈസലിനെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയതിനെ സുപ്രീം കോടതി വിമർശിച്ചു.
ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27 നു നടത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വധശ്രമക്കേസിൽ ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ഫൈസലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും, കെ.ആര് ശശിപ്രഭും വാദിച്ചു. ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിയുടെ പകർപ്പ് അഭിഭാഷകർ കോടതിക്ക് കൈമാറി.
എംപിയെ അയോഗ്യനാക്കിയതിനെ തുടർന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് സുപ്രീം കോടതിയെ അറിയിച്ചു. ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പരുഷമായ പരാമർശങ്ങൾ അനുചിതമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.