മോഹൻലാൽ-ഷാജി കൈലാസ് ചിത്രം ‘എലോൺ’ ഇന്ന് തിയേറ്ററുകളിലേക്ക്

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രം ‘എലോൺ’ ഇന്ന് തിയേറ്ററുകളിലെത്തും. 12 വർഷങ്ങൾക്ക് ശേഷം മോഹൻ ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ തിയേറ്റർ ലിസ്റ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കേരളത്തിൽ മാത്രം ഇരുന്നൂറോളം തിയേറ്ററുകളിലാണ് എലോൺ റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറത്തും ചിത്രം റിലീസ് ചെയ്യും. 

2023 ലെ മോഹൻലാലിന്‍റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും എലോണിനുണ്ട്. എലോൺ ഒടിടി റിലീസ് ആയിരിക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ പറഞ്ഞിരുന്നു. ചിത്രം തിയേറ്ററുകളിൽ എത്തിയാൽ പ്രേക്ഷകർ സിനിമ ലാഗാണെന്ന് അഭിപ്രായപ്പെടുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ഈ തീരുമാനം പിന്നീട് മാറ്റുകയും എലോൺ തിയേറ്ററിൽ എത്തിക്കുകയും ചെയ്തു. ഹൊറർ എന്‍റർടെയ്നറാണോ എന്ന സംശയം ഉയർത്തിക്കൊണ്ടുള്ള ചിത്രത്തിന്‍റെ ടീസറുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന ക്രൈം ത്രില്ലറിലാണ് മോഹൻലാലും ഷാജി കൈലാസും അവസാനം ഒന്നിച്ചത്. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

Read Previous

മധുരത്തോടെ തുടങ്ങാം; കേന്ദ്ര ബജറ്റിന് മുന്നോടിയായ ഹല്‍വ ചടങ്ങ് ഇന്ന്

Read Next

മാളികപ്പുറത്തെ ചൊല്ലി വ്ലോ​ഗറും ഉണ്ണിമുകുന്ദനും തമ്മിൽ തർക്കം; വൈറലായി ഫോൺ സംഭാഷണം