തമിഴ്‌നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും നിരോധിച്ചുള്ള ഉത്തരവിന് സ്റ്റേ

ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2018 ൽ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യം, കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട്, ഗുഡ്ക ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നില്ല എന്ന കാരണത്താലാണ് റദ്ദാക്കൽ.

അടിയന്തര സാഹചര്യങ്ങളിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ പരിമിതമായ അധികാരങ്ങൾ മാത്രമേ നിയമം നൽകുന്നുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി. ഭക്ഷ്യസംസ്‌കരണത്തിനുള്ള ശാസ്ത്രീയമായ സമ്പ്രദായങ്ങൾ, ഭക്ഷ്യ സുരക്ഷ, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനാണ് എഫ്എസ്എസ്എ എന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാൻ കമ്മീഷണറുടെ അധികാരപരിധി അനുവദിക്കുന്നത് നിയമലംഘനമാണെന്നും അതിനാൽ 2018 ലെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും ജനുവരി 20 നു പുറപ്പെടുവിച്ച ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

2013 ൽ എഫ്എസ്എസ് നിയമപ്രകാരം തമിഴ്നാട്ടിൽ ഗുഡ്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. പിന്നീട് ഫുഡ് സേഫ്റ്റി കമ്മീഷണറും സമാനമായ ഉത്തരവിറക്കി. പുകയില നിർമ്മാതാക്കളും ഭക്ഷ്യസുരക്ഷാ വകുപ്പും നൽകിയ ഹർജികളും അപ്പീലുകളും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

K editor

Read Previous

ഡോക്യുമെന്‍ററി പ്രദർശനം; ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സംഘർഷം

Read Next

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്