ബേക്കറിയിൽ നിന്ന് 5 ലക്ഷം രൂപ കവർന്ന  പ്രതി പിടിയിൽ; പിടിയിലായത് പനത്തടി സ്വദേശി

കലവൂർ (ആലപ്പുഴ): ബേക്കറിയിൽ നിന്ന് 5 ലക്ഷത്തോളം രൂപ കവർന്ന കേസിൽ  ഹൊസ്ദുർഗ് പനത്തടി തുരുമ്പുകേൽ വീട്ടിൽ രതീഷ് 59, പിടിയിൽ. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ രതീഷിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതു.ദേശീയ പാതയിൽ ആലപ്പുഴ കലവൂർ ബ്ലോക്ക് ജംക്‌ഷന് സമീപത്തെ ബേക്കറിയിൽ കഴിഞ്ഞ 21-ന് രാത്രിയായിരുന്നു മോഷണം.

സമീപത്തെ ധ്യാനകേന്ദ്രത്തിലേക്കെന്ന പേരിൽ സ്ഥലത്തെത്തി വാടകവീട്ടിൽ താമസിച്ച് ബേക്കറിയും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ പ്രധാന വാതിലിന്റെ തെക്കുവശത്തുള്ള ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയാണ് ഇയാൾ അകത്തു കടന്നത്. ഇരുനിലയിലായി പ്രവർത്തിക്കുന്ന ബേക്കറിയിലെ പ്രധാന കാഷ് കൗണ്ടറിൽ നിന്നും മുകൾ നിലയിലെ പണപ്പെട്ടിയിൽ നിന്നും പണം കവർന്നു.

തുടർന്ന് സ്ഥാപനമുടമയുടെ കാബിനിൽ കയറി  ബാഗിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും കൈക്കലാക്കി. സിസിടിവി ക്യാമറകൾ തലതിരിച്ചു വെച്ചെങ്കിലും അതുവരെയുള്ള മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ച മോഷ്ടാവിന്റെ വിരലടയാളമാണ് കേസ്സിന് തുമ്പായത്. കൊലപാതകവും മോഷണവും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ രതീഷിന്റെ വിവരങ്ങൾ പോലീസിന്റെ പഴയകാല രേഖകളിൽ നിന്ന് ലഭ്യമായി.

തുടർന്ന് മണ്ണഞ്ചേരി പോലീസ് പനത്തടിയിലുള്ള  ഇയാളുടെ വീട്ടിൽ നിന്നു പിടികൂടുകയായിരുന്നു.  മൂന്ന് ലക്ഷത്തോളം രൂപയും ഇയാളിൽ നിന്നു കണ്ടെടുത്തു. ബാക്കി പണം ചെലവാക്കിയതായി പ്രതി പോലീസിന് മൊഴി നൽകി. പ്രതിയെ ബേക്കറിയിലെത്തിച്ച് തെളിവെടുത്തു.മണ്ണഞ്ചേരി സിഐ, പി.കെ.മോഹിത്, എസ്ഐ, കെ.ആർ.ബിജു, ടി.എ.ജോമോൻ, സി. ഷാനവാസ്, വി.ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

LatestDaily

Read Previous

മുക്കുപണ്ടത്തട്ടിപ്പ് പ്രതി വിദേശത്തേക്ക് കടന്നു

Read Next

പ്രതികൂല കാലാവസ്ഥ; ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി