സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : ഇനിയും പണിതീരാത്ത അമ്മയും കുഞ്ഞും സർക്കാർ ആശുപത്രിയിൽ പട്ടാപ്പകൽ കവർച്ച. പൈപ്പു വെള്ളം തിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന വില പിടിപ്പുള്ള സ്റ്റീൽ ടാപ്പുകൾ ഏഴെണ്ണവും ഒരു 40 ഇഞ്ച് വലിപ്പമുള്ള ടെലിവിഷൻ സെറ്റുമാണ് കവർച്ച ചെയ്യപ്പെട്ടത്.
മുറികളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ചുമരിൽ ഘടിപ്പിക്കുന്ന ചെമ്പു പൈപ്പുകൾ കുറേയെണ്ണം കടത്തിക്കൊണ്ടുപോകാൻ കെട്ടി ആശുപത്രി കെട്ടിടത്തിന്റെ പിറകിൽ വെച്ചിരുന്നത് തക്ക സമയത്ത് പുറത്തേക്ക് കടത്തിക്കൊണ്ടുപോകാൻ കഴിയാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. ജനുവരി 13-ന് വെള്ളിയാഴ്ച രാവിലെ 11 മണി സമയത്താണ് കവർച്ച നടന്നതെന്ന് ഡപ്യൂട്ടി ഡി.എം.ഒ., ഗീതാഗുരുദാസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
40 ഇഞ്ച് ടി.വി. സെറ്റ് കളവുപോയ കാര്യം ജനുവരി 13-നാണ് ശ്രദ്ധയിൽപ്പെട്ടത്. ആരോഗ്യ വകുപ്പിൽ തന്നെ ജോലി നോക്കുന്ന ചിലർക്ക് ഇൗ ദിവസങ്ങളിൽ അമ്മയും കുഞ്ഞും ആശുപത്രിയിൽ നിർമ്മാണ ജോലികളുടെ മേൽനോട്ടമുണ്ടായിരുന്നു.
കള്ളൻ കപ്പലിൽ തന്നെയെന്ന് കരുതുന്നു. ആശുപത്രി കെട്ടിടത്തിൽ മൊത്തം 30 ഒളിക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. 30 ടെലിവിഷൻ സെറ്റിൽ ഒന്നുമാത്രമാണ് കളവുപോയത്. ഇന്ത്യൻ ശിക്ഷാ നിയമം 454, 511, 380 വകുപ്പുകളിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു. പോലീസ് സംഘം ഇന്നലെ ആശുപത്രിയിലെത്തി അന്വേഷണമാരംഭിച്ചു.