ശ്രദ്ധ വോൾക്കർ വധകേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ വധക്കേസിൽ 6,629 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. മറ്റൊരു സുഹൃത്തുമായുള്ള ശ്രദ്ധയുടെ ബന്ധമാണ് അഫ്താബിനെ പ്രകോപിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ ശ്രദ്ധ ഗുരുഗ്രാമിൽ പോയിരുന്നു. ഇതേച്ചൊല്ലി അഫ്താബുമായി വാക്കുതർക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അഫ്താബിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഫോണിലെ സന്ദേശങ്ങളും കോൾ റെക്കോർഡുകളും അഫ്താബ് നേരത്തെ നശിപ്പിച്ചിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മൃതദേഹാവശിഷ്ടങ്ങൾ പല സ്ഥലങ്ങളിലായി അഫ്താബ് ഉപേക്ഷിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

ഇരുവരുടേയും സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അയൽക്കാർ, സഹപ്രവർത്തകർ എന്നിവരുൾപ്പെടെ 180 പേരുടെ മൊഴിയാണ് കുറ്റപത്രത്തിലുള്ളത്. ഇതിനുപുറമെ, മുൻ സ്ഥാപനത്തിന്‍റെ മേധാവിക്കും സുഹൃത്തുക്കൾക്കും അഫ്താബിന്‍റെ പീഡനത്തെക്കുറിച്ച് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഏഴു വരെ അഫ്താബിന്റെ കസ്റ്റ‍ഡി നീട്ടിയതായി കോടതി ഉത്തരവിട്ടു. ഫെബ്രുവരി ഏഴിന് കേസ് കോടതി വീണ്ടും കേസ് പരിഗണിക്കും.

Read Previous

റിലീസിന് മുമ്പേ ചോർന്നു; വ്യാജ പതിപ്പിനെതിരെ പഠാന്റെ അണിയറ പ്രവർത്തകർ

Read Next

‘കിസി കാ ഭായ് കിസി കി ജാൻ’; ഔദ്യോഗിക റിലീസിനു മുന്നെ ടീസർ ഓൺലൈനിൽ