സിനിമാ താരം സിബി തോമസിന് സ്ഥാനക്കയറ്റം; ഇനി ഡിവൈഎസ്പി

കാസര്‍കോട്: സിനിമാ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് സ്ഥാനക്കയറ്റം. കാസർകോട് വിജിലൻസ് ഇൻസ്പെക്ടറായിരുന്ന സിബി തോമസിനെ വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പിയായി നിയമിച്ചു. നിരവധി അവാർഡുകൾ നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

സർവകലാശാല തല മത്സരങ്ങളിൽ നാടകങ്ങളിൽ തിളങ്ങിയ സിബി തോമസ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ സിബിയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യൻ, ഹാപ്പി സർദാർ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. സിബി തോമസിന്‍റെ ‘കുറ്റസമ്മതം’ എന്ന നോവലിന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കാസർഗോഡ് ചുള്ളി സ്വദേശിയായ സിബി, ലീല തോമസ്-എ.എം.തോമസ് ദമ്പതികളുടെ മകനാണ്. രസതന്ത്രത്തിൽ ബിരുദധാരിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോഗ്രാഫി പഠിക്കാൻ അവസരം ലഭിച്ചെങ്കിലും തുടർപഠനം നടത്താനായില്ല. തുടർന്ന് പരീക്ഷ എഴുതി പൊലീസിൽ ചേർന്നു. കൊച്ചി പാലാരിവട്ടം, കാസർഗോഡ് ആദൂർ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചു.

K editor

Read Previous

16,000 കോടി രൂപയുടെ ഹരിത ബോണ്ടുകൾ പുറത്തിറക്കുന്നു; ആദ്യ ഘട്ടം ഇന്ന്

Read Next

നേതാജിയുടെ ഓസ്റ്റിൻ കാർ എവിടെ? അന്വേഷണം ആരംഭിച്ച് ഒഡീഷ സർക്കാർ