ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പിടിയിലായത് അസ്്ലം വധശ്രമത്തിലെ 4 പ്രതികൾ
കാഞ്ഞങ്ങാട്: രണ്ടുമാസമായി ഹൊസ്ദുർഗ് പോലീസിനെ വട്ടംകറക്കിയ മുസ്്ലീം യൂത്ത് ലീഗ് പ്രവർത്തകരായ പ്രതികൾ അറസ്റ്റിൽ.
കല്ലൂരാവി ബാവനഗറിലെ മുഹമ്മദ് അസ്്ലമിനെ, ബൈക്ക് തടഞ്ഞ് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്സിൽ പ്രതികളായ ബാവനഗറിലെ അഫ്സൽ 19, എൽ. സുഹൈൽ 19, പി. റബീഷ് 20, സി. അനസ് 20, എന്നിവരെ ഹൊസ്ദുർഗ് എസ്ഐ, പി.കെ. വിനോദ് കുമാർ, സി. മാധവൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് 5-ന് വൈകീട്ട് ബാവനഗർ പൊടിപ്പളം റോഡിലാണ് യുവാവ് അക്രമത്തിനിരയായത്. മുമ്പ് അസ്്ലമിന് നേരെയുണ്ടായ അക്രമ സംഭവത്തിൽപ്പെട്ട പ്രതികളെ കേസ്സിൽ നിന്നും ഒഴിവാക്കിയതിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകി മടങ്ങുന്നതിനിടെയായിരുന്നു ആക്രമം.
മുഴുവൻ പ്രതികളെയും കേസിലുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നൽകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ശരീരത്തിൽ പല ഭാഗങ്ങളിലും സാരമായി പരിക്കേറ്റ് കൈയെല്ല് പൊട്ടിയ അസ്്ലമിനെ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
കുറ്റകരമായ നരഹത്യാശ്രമത്തിനും, കൈയെല്ല് അടിച്ചു തകർത്ത് ഗുരുതരമായി പരിക്കേൽപ്പിച്ചതിനും ജാമ്യമില്ലാവകുപ്പ് പ്രകാരവും ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തതിനെ തുടർന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തളളുകയായിരുന്നു. പ്രതികളെ പോലീസിൽ ഹാജരാക്കാമെന്ന് ലീഗ് നേതാക്കൾ നിരവധി തവണ ഉറപ്പ് നൽകിയെങ്കിലും, പാലിക്കപ്പെട്ടില്ല.
ബാവ നഗറിലും, അജാനൂരിലും പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിയപ്പോൾ, പ്രതികൾ വീടുകൾ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ ബാവനഗറിലുണ്ടെന്ന് ടവർ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം ബാവനഗറിലെത്തിയ പോലീസ് സംഘത്തെ ഒരു സംഘം ലീഗ് പ്രവർത്തകർ തടഞ്ഞു നിർത്തിയിരുന്നു.
പിറ്റേന്ന് രാവിലെ പ്രതികളെ സ്റ്റേഷനിലെത്തിക്കാമെന്ന് ലീഗ് നേതാക്കൾ നൽകിയ ഉറപ്പിനെ തുടർന്ന് പോലീസ് ബാവനഗറിൽ നിന്നും മടങ്ങിയെങ്കിലും, പ്രതികളെ ഹാജരാക്കിയില്ല. ഇതിനിടയിലാണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. നാല് പേരെയും ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസ്സിൽ കണ്ടാലറിയാവുന്ന രണ്ട് പ്രതികൾ ഇനി അറസ്റ്റിലാവാനുണ്ട്.