വിവാദ ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെ ജെഎൻയുവിൽ സംഘർഷം

ന്യൂഡല്‍ഹി: വിവാദ ബിബിസി ഡോക്യുമെന്‍ററി കാണുന്നതിനിടെ ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്. സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫീസിലെയടക്കം വൈദ്യുതിയും വൈഫൈയും സർവകലാശാല അധികൃതർ വിച്ഛേദിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലുമാണ് വിവാദ ഡോക്യുമെന്‍ററി കണ്ടത്. ഇതിനിടെയാണ് കല്ലേറുണ്ടായത്. എബിവിപി പ്രവർത്തകരാണ് കല്ലേറിന് പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

വൈദ്യുതി ഇല്ലാതിരുന്നതിനാൽ കല്ലെറിഞ്ഞവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഡോക്യുമെന്‍ററി ചൊവ്വാഴ്ച രാത്രി 9 മണിക്ക് പ്രദർശിപ്പിക്കുമെന്ന് വിദ്യാർത്ഥി സംഘടനകൾ പോസ്റ്ററുകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സർവകലാശാല അധികൃതർ ഇതിന് അനുമതി നിഷേധിച്ചു. ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ ഒരിടത്ത് ഒത്തുകൂടുകയും മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും കാണുകയുമായിരുന്നു. ഇതിനിടെയാണ് കല്ലേറുണ്ടായത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് ക്യാമ്പസിൽ സംഭവ വികാസങ്ങൾക്ക് ആരംഭമായത്. കല്ലേറില്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ അക്രമികള്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ജെ.എന്‍.യു. മെയിന്‍ ഗേറ്റിലേക്ക് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും നടത്തി.

K editor

Read Previous

ലക്നൗവിൽ നാല് നില കെട്ടിടം തകർന്നുവീണ് 3 മരണം; അപകടകാരണം വ്യക്തമല്ല

Read Next

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു