മേൽനോട്ട സമിതി രൂപീകരിക്കുന്നതിന് കൂടിയാലോചിക്കാതിരുന്നത് സങ്കടകരമെന്ന് പൂനിയയും മാലിക്കും

ന്യൂഡൽഹി: ലൈംഗികാരോപണത്തിൽപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേൽനോട്ടം വഹിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിക്കെതിരെ ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയയും സാക്ഷി മാലിക്കും. കമ്മിറ്റി രൂപീകരിക്കുന്നതിനു മുമ്പ് താരങ്ങളുടെ അഭിപ്രായം കേൾക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ഇരുവരും ആരോപിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, കായിക മന്ത്രി എന്നിവരെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് പുനിയയും മാലിക്കും ഇക്കാര്യം വ്യക്തമാക്കിയത്.

മേൽനോട്ട സമിതി രൂപീകരിക്കുന്നതിനു മുമ്പ് തങ്ങളുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കമ്മിറ്റി രൂപീകരിക്കുന്നതിനു മുമ്പ് താരങ്ങളുമായി കൂടിയാലോചിക്കാതിരുന്നത് സങ്കടകരമാണെന്ന് ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ ജേതാവ് കൂടിയായ പുനിയയും സാക്ഷിയും സമാനമായി ട്വീറ്റിൽ കുറിച്ചു.

ബോക്സിങ് താരം മേരി കോമിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് കേന്ദ്രം നിയോഗിച്ചത്. ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും ചില പരിശീലകർക്കുമെതിരായ ലൈംഗികാരോപണങ്ങളും സമിതി പരിശോധിക്കും. നാലാഴ്ചയ്ക്കകം റിപ്പോർട്ട് കായിക മന്ത്രാലയത്തിനു സമർപ്പിക്കും.

K editor

Read Previous

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിൻ്റെ അപ്പീലിൽ നാളെ ഹൈക്കോടതി വിധി

Read Next

അമ്മ മകളെ കൊന്നത് കഴുത്ത് ഞെരിച്ച്