ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഇരട്ട സ്ഫോടനങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിൽ കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്ന് രാവിലെ ഏഴ് മണിയോടെയാണ് യാത്ര ആരംഭിച്ചത്. ജമ്മു-പത്താൻകോട്ട് ഹൈവേ പൊലീസിന്റെയും സിആർപിഎഫിന്റെയും നിയന്ത്രണത്തിലാണ്. ജമ്മു കശ്മീർ കോൺഗ്രസ് പ്രസിഡന്റ് വികാർ റസൂർ വാനി, വർക്കിംഗ് പ്രസിഡന്റ് രാമൻ ഭല്ല എന്നിവരുൾപ്പെടെ നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് ത്രിവർണ്ണ പതാകയുമായി രാഹുലിനൊപ്പമുള്ളത്.
25 കിലോമീറ്റർ യാത്രയ്ക്ക് ശേഷം രാത്രി ചക് നാനാക്കിൽ വിശ്രമിക്കും. തുടർന്ന് തിങ്കളാഴ്ച സാംബയിലെ വിജയ്പൂരിൽ നിന്ന് ജമ്മുവിലേക്കുള്ള യാത്ര ആരംഭിക്കും. ജോഡോ യാത്ര സമാധാനപരമായി കടന്നുപോകുന്നുവെന്ന് ഉറപ്പാക്കാൻ കനത്ത സുരക്ഷയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജമ്മുവിൽ ശനിയാഴ്ച നടന്ന ഇരട്ട സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ജോഡോ യാത്രയും റിപ്പബ്ലിക് ദിനാഘോഷവും അലങ്കോലപ്പെടുത്താനുള്ള തീവ്രവാദികളുടെ ശ്രമത്തിന്റെ ഭാഗമാണ് സ്ഫോടനമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.