ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ബോളിവുഡ് നടി നോറ ഫത്തേഹിക്ക് നടി ജാക്വിലിൻ ഫെർണാണ്ടസിനോട് അസൂയയാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ. നോറ ഫത്തേഹി തന്നെ ജാക്വിലിനെതിരെ ‘ബ്രെയിൻ വാഷ്’ ചെയ്യാറുണ്ട്. അഭിഭാഷകരായ അനന്ത് മാലിക്, എ കെ സിംഗ് എന്നിവർ വഴി പുറത്തിറക്കിയ പത്രക്കുറിപ്പിൽ, നോറ ഫത്തേഹി ജാക്വിലിനെ ഉപേക്ഷിച്ച് താനുമായി ‘ഡേറ്റിങ്’ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്നും ചന്ദ്രശേഖർ ആരോപിച്ചു.
“ജാക്വിലിനുമായി നല്ല ബന്ധം പുലർത്തിയിരുന്നതിനാൽ ഞാൻ നോറയെ ഒഴിവാക്കി തുടങ്ങി. പക്ഷേ, അവൾ എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു. ബോബിയെ (നോറയുടെ കസിൻ) ഒരു സംഗീത നിർമ്മാണ കമ്പനി സ്ഥാപിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അവൾക്ക് ആവശ്യമുള്ള ആഢംബര ഹെർമിസ് ബാഗുകളുടെയും ആഭരണങ്ങളുടെയും ചിത്രങ്ങൾ അയച്ചുകൊണ്ടിരുന്നു. അവ നൽകാൻ ഞാൻ ബാധ്യസ്ഥനായിരുന്നു. അവളുടെ കൈവശമുള്ള ഹെർമിസ് ബാഗുകളുടെ ഒരു ബിൽ ഹാജരാക്കാൻ ആവശ്യപ്പെടൂ. അവളുടെ കയ്യിൽ ഇല്ലാത്തതിനാൽ ഒരിക്കലും ഹാജരാക്കാൻ കഴിയില്ല. ബാഗുകൾക്ക് 2 കോടിയിലധികം രൂപ വിലവരും” സുകാഷ് പറഞ്ഞു. നോറ മൊഴി മാറ്റുകയാണെന്നും സുകാഷ് ആരോപിച്ചു.
ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് നോറ സുകാഷിനെതിരെ മൊഴി നൽകിയത്. സുകാഷുമായി തനിക്ക് വ്യക്തിപരമായ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ വച്ചാണ് ആദ്യമായി കണ്ടതെന്നും അവർ പറഞ്ഞു. “പല നടിമാരും സുകാഷിന്‍റെ ആളാകാൻ മത്സരിക്കുന്നു. സുകാഷ് ആരാണെന്ന് ആദ്യം എനിക്കറിയില്ലായിരുന്നു. എൽഎസ് കോർപ്പറേഷൻ എന്ന കമ്പനിയിൽ ജോലി ചെയ്യുകയാണെന്ന് പിന്നീട് ഞാൻ കരുതി. എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായി ബന്ധമില്ല, അദ്ദേഹവുമായി സംസാരിച്ചിട്ടു പോലുമില്ല. എനിക്കയാളെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു” നോറ ഫത്തേഹി മൊഴിയിൽ പറഞ്ഞു.