ജി.ബി.ജി.നിക്ഷേപത്തട്ടിപ്പ്; പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സ്വന്തം ലേഖകൻ

കാസർകോട് : ജി.ബി.ജി. നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതികളെ കോടതി 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചു. ബേഡകം പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ കേസ്സിൽ പ്രതികളായ ഡി. വിനോദ്കുമാർ, പെരിയ നിടുവോട്ട് പാറയിലെ പി.ഗംഗാധരൻ നായർ എന്നിവരെയാണ് കാസർകോട് കോടതി ബേഡകം എസ്ഐ, എം. ഗംഗാധരന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.

19 കേസ്സുകളാണ് ജി.ബി.ജി. നിക്ഷേപത്തട്ടിപ്പിൽ ബേഡകം പോലീസ് മാനേജിംഗ് ഡയറക്ട്ർ ഡി. വിനോദ്കുമാർ, പെരിയ ഗംഗാധരൻ നായർ, ഡയറക്ടർമാർ എന്നിവർക്കെതിരെ റജിസ്റ്റർ ചെയ്തത്. കാസർകോട് പത്രസമ്മേളനം വിളിച്ച് ചേർക്കാനൊരുങ്ങുന്നതിനിടെയാണ് പ്രതികളെ ഡിസിആർബി ഡിവൈഎസ്പി, അബ്ദുൾ റഹീം കാസർകോട് നിന്നും പിടികൂടി ബേഡകം പോലീസിന് കൈമാറിയത്.

നിക്ഷേപത്തട്ടിപ്പ് കേസ്സിലെ മറ്റുപ്രതികൾ ഒളിവിലാണ്. ഇവർക്കായി പോലീസ് വ്യാപകമായി വല വിരിച്ചിട്ടുണ്ട്. അറസ്റ്റിലായ വിനോദ്കുമാറിനെയും പെരിയ ഗംഗാധരൻ നായരെയും കോടതി റിമാന്റ് ചെയ്തിരുന്നു. മികച്ച പലിശ വാഗ്ദാനം ചെയ്താണ് കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജി.ബി.ജി. നിധി ലിമിറ്റഡ് കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും കോടിക്കണക്കിന് രൂപ നിക്ഷേപമായി തട്ടിയെടുത്തത്.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ ജി.ബി.ജി.യുടെ 18 അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചിട്ടുണ്ട്. ജി.ബി.ജി. ഡയറക്ടർമാരായ ആലമ്പാടി നാലത്തടുക്കയിലെ ഏ.സി. മുഹമ്മദ് റസാഖ്, പിലിക്കോട് മല്ലക്കര വീട്ടിൽ പി. സുഭാഷ്, സി.പി. പ്രീജിത്ത് മാണിയാട്ട് എന്നിവരാണ് ഒളിവിൽക്കഴിയുന്ന ഡയറക്ടർമാർ. ജി.ബി.ജി. നിധിക്കെതിരെ കഴിഞ്ഞ ദിവസം 15 ഓളം പരാതികളാണ് ബേഡകം പോലീസിൽ ലഭിച്ചത്. പ്രസ്തുത പരാതിക്കാരെ സാക്ഷിപ്പട്ടികയിൽ ചേർക്കാനാണ് പോലീസിന്റെ തീരുമാനം.

LatestDaily

Read Previous

പെരിയ ഇരട്ടക്കൊലക്കേസ് വിചാരണ ഫെബ്രുവരിയിൽ

Read Next

ഭാരത് ജോഡോയ്ക്ക് ശേഷം പുതിയ ക്യാമ്പയിൻ; മോദി സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോൺഗ്രസ്