ഹർത്താൽ അക്രമം; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താലിനോടനുബന്ധിച്ച് നശിപ്പിക്കപ്പെട്ട പൊതുമുതലുകളുടെ നഷ്ടം വസൂലാക്കാൻ നിരോധിത പോപ്പുലർ  ഫ്രണ്ട് ഓഫ് ഇന്ത്യയുടെ  ജില്ലയിലെ നേതാക്കന്മാരുടെ സ്വത്ത് കണ്ടുകിട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഇളമ്പച്ചി വില്ലേജ് ഓഫീസർ കെ. പ്രസന്നന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം പോപ്പുലർ ഫ്രണ്ട്  ഓഫ് ഇന്ത്യ മുൻ ജില്ലാ പ്രസിഡണ്ട് കൈക്കോട്ട് കടവിലെ സി.പി. സുലൈമാന്റെ മട്ടമ്മലിലെ 12 സെന്റ് സ്ഥലവും വീടും കണ്ടുകെട്ടുന്നതിന് മുന്നോടിയായി അളന്ന് സ്കെച്ച് തയ്യാറാക്കി.

ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ഹൈക്കോടതി കർശ്ശന നടപടിയെടുത്തതോടെയാണ് സംസ്ഥാനത്ത് ഇന്നലെ മുതൽ പി.എഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനാരംഭിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാവ് ചീമേനി കാക്കടവിലെ സിറാജുദ്ദീന്റെ  ഒരേക്കർ സ്ഥലവും കാക്കടവ് മുത്തുപ്പാറയിലെ 90 സെന്റ് സ്ഥലവും ചീമേനി വില്ലേജ് ഓഫീസർ ഇന്നലെ അളന്ന്  സ്കെച്ച് തയ്യാറാക്കിയിരുന്നു.

ജില്ലയിൽ കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്താണ് കണ്ടുകെട്ടുന്നത്. ഹോസ്ദുർഗ് താലൂക്കിൽ പോപ്പുലർ ഫ്രണ്ട് നേതാവ് നങ്ങാരത്ത് സിറാജുദ്ദീന്റെ സ്വത്തും കണ്ടുകെട്ടുന്നതിൽ ഉൾപ്പെടും. പോപ്പുലർ ഫ്രണ്ട്  സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ വ്യാപകമായി നാശനഷ്ടങ്ങളുണ്ടായിരുന്നു.

കോടിക്കണക്കിന് രൂപയുടെ പൊതുമുതലാണ് ഹർത്താൽ അനുകൂലികൾ നശിപ്പിച്ചത്. ഹർത്താൽ  അക്രമങ്ങളിൽ 5.2 കോടി രൂപയുടെ നഷ്ടപരിഹാരം ഈടാക്കാനും, അല്ലാത്ത പക്ഷം നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുമായിരുന്നു സെപ്തംബർ 29-ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതിയുത്തരവ്  പാലിക്കാൻ സർക്കാർ കാലതാമസം വരുത്തിയതോടെയാണ് ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയത്.

സ്വത്ത് കണ്ടുകെട്ടാൻ ഇന്ന് വൈകുന്നേരം 5 മണിവരെയാണ് റവന്യൂ കമ്മീഷണർ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് സമയം അനുവദിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ കണ്ടുകെട്ടിയ സ്വത്തുക്കളുടെ സ്കെച്ച്  ഇന്ന് തന്നെ ജില്ലാ കലക്ടർമാർക്ക്  കൈമാറും. നാളെ വൈകിട്ട് 5 മണിക്ക് മുമ്പ് ജപ്തി പൂർത്തിയാക്കാനാണ് ലാന്റ് റവന്യൂ കമ്മീഷണർ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയത്.

ജപ്തി ചെയ്ത സ്വത്തുക്കൾ  ലേലം ചെയ്ത് സർക്കാരിനുണ്ടായ നഷ്ടം നികത്താനാണ് ഹൈക്കോടതിയുത്തരവ്. റവന്യൂ റിക്കവറി നിയമത്തിലെ 35 വകുപ്പ്  പ്രകാരമാണ് ജപ്തി നടപടികൾ. പോപ്പുലർ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള കാസർകോട്ടെ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥലവും കെട്ടിടവും ജപ്തി ചെയ്തവയിലുൾപ്പെടും.

സംസ്ഥാനത്ത് 14 ജില്ലകളിലുമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. കേന്ദ്രസർക്കാർ നിരോധിച്ച സംഘടനയായതിനാൽ ജപ്തി നടപടികൾക്കെതിരെ നേതാക്കളാരും പരസ്യമായി രംഗത്തെത്തിയിട്ടില്ല. പോലീസ് സഹായത്തെടെയാണ് റവന്യൂ റിക്കവറി നടപടികൾ നടന്നത്.

LatestDaily

Read Previous

അനുമതി നിഷേധിച്ച് മന്ത്രി; ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാനൊരുങ്ങി മല്ലിക സാരാഭായ്

Read Next

നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ സാധിക്കില്ല: ബിജെപിക്കെതിരെ സ്വാതി മാലിവാൾ