ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സുകളുടെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ. തട്ടിപ്പുകേസ്സുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് തട്ടിപ്പിനിരയായവർ വീണ്ടും സംഘടിച്ചത്.
പടന്നയിൽ ചേർന്ന നിക്ഷേപകരുടെ സംയുക്തയോഗം ഫാഷൻ ഗോൾഡ് വിക്റ്റിംസ് അസോസിയേഷൻ എന്ന സംഘടനയ്ക്കും രൂപം നൽകി. ബാലകൃഷ്ണൻ പയ്യന്നൂർ ചെയർമാനും, കെ.കെ.സൈനുദ്ധീൻ ജനറൽ കൺവീനറുമായി 51 അംഗ കമ്മിറ്റിയും, മിസ്്രിയ ജനറൽ കൺവീനറായി 21 അംഗ വനിതാ കമ്മിറ്റിയെയുമാണ് വിക്ടിംസ് അസോസിയേഷൻ ഭാരവാഹികൾ.
ഫാഷൻ ഗോൾഡ് നിക്ഷേപത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയാണ് മുസ്്ലീം ലീഗ് മുൻ എംഎൽഏയും ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീൻ, ലീഗ് ജില്ലാ നേതാവ് ടി.കെ. പൂക്കോയ എന്നിവർ തട്ടിയെടുത്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത നൂറുകണക്കിന് കേസ്സുകളുടെ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നുവെങ്കിലും, പിന്നീട് കേസ് ഫയൽ പൂട്ടിവെച്ചു.
പ്രവാസികളും വീട്ടമ്മമാരുമടങ്ങുന്ന നൂറുകണക്കിന് നിക്ഷേപകരെയാണ് ലീഗ് നേതാക്കൾ തട്ടിപ്പിനിരയാക്കിയത്. പണം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും ലീഗ് അനുഭാവികളാണെങ്കിലും, തട്ടിപ്പ് നടത്തിയ നേതാക്കൾക്കെതിരെ ലീഗ് സംസ്ഥാന നേതൃത്വം അച്ചടക്ക നടപടിപോലും എടുത്തിരുന്നില്ല. ജ്വല്ലറിയിൽ നിന്നും ഡയറക്ടർമാർ കൊണ്ടുപോയ കിലോക്കണക്കിന് സ്വർണ്ണമുപയോഗിച്ച് അവർ പുതിയ ബിസിനസ് നടത്തുന്നുണ്ടെന്നാണ് വിക്ടിംസ് അസോസിയേഷന്റെ ആരോപണം.
കേസ്സിൽ പ്രതിയായ പൂക്കോയ തങ്ങളുടെ മകനും ഗൾഫിൽ സ്വർണ്ണ വ്യാപാരം നടത്തുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. തട്ടിപ്പിന്റെ കണ്ണികൾ വിദേശ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് തട്ടിപ്പിനിരയായവരുടെ സംഘടനയുടെ നിലപാട്. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്നാണ് വിക്ടിംസ് അസോസിയേഷന്റെ മറ്റൊരാവശ്യം. സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്യാനാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽക്കാണാനും സംഘടന തയ്യാറെടുക്കുന്നുണ്ട്.
ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ- സാംസ്ക്കാരിക പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരെ നേരിൽക്കണ്ട് ഇക്കാര്യത്തിൽ സഹായമഭ്യർത്ഥിക്കാനും വിക്ടിംസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.