കാഞ്ഞങ്ങാട് നഗരസഭ സിപിഐ വഴങ്ങുന്നില്ല

കാഞ്ഞങ്ങാട്: നഗരസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സീറ്റ് പങ്കുവെക്കലിൽ സിപിഐക്ക് വഴങ്ങുന്നില്ല.

ഇടതുമുന്നണിയിൽപ്പെട്ട ഘടക കക്ഷികൾക്കുള്ള സീറ്റുകൾ  ന്യായമായ നിലയിൽ തന്നെ സിപിഎം വെച്ചു നൽകിയപ്പോഴാണ്, നഗരപരിധിയിൽ നൂറു ശതമാനം വിജയ സാധ്യതയുള്ള ഒരു സീറ്റിൽ സിപിഐ പിടിമുറുക്കിയത്. കഴിഞ്ഞ തവണ  ഇടതുമുന്നണി  സ്ഥാനാർത്ഥി വിജയിച്ച ഒരു സീറ്റ് തന്നെ തങ്ങൾക്ക് വേണമെന്ന കടുംപിടിത്തത്തിൽ സിപിഐ ഉറച്ചു നിൽക്കുന്നു.

സിപിഐ ഇത്തവണ ആവശ്യപ്പെട്ടത് 3 വാർഡുകളാണ്. രണ്ട് വാർഡുകൾ നൽകാമെന്ന് സിപിഎം സമ്മതിച്ചു. തീരദേശത്ത് ഒരു വാർഡ് നൽകുകയും ചെയ്തു. കഴിഞ്ഞ തവണ സിപിഎം പിടിച്ചെടുത്തതും, വിജയ സാധ്യത ഉറപ്പുള്ളതുമായ വാർഡ് തന്നെ തങ്ങൾക്ക് ലഭിക്കണമെന്നാണ് സിപിഐയുടെ ഒടുവിലത്തെ  ആവശ്യം.

നഗരത്തിൽ മൊത്തം 43 വാർഡുകളിൽ ഏത് വാർഡാണ് വേണ്ടതെന്ന് സിപിഐ തുറന്നു പറയുന്നുമില്ല. ഇതോടെ ഇന്നലെ നടന്ന സീറ്റ് വിഭജന ചർച്ച അവസാനിപ്പിക്കുകയായിരുന്നു. ഐഎൻഎൽ, എൽജെഡി തുടങ്ങിയ കക്ഷികൾക്കുള്ള സീറ്റുകൾ ഇതിനകം ഇടതു  മുന്നണി വീതം വെച്ചു നൽകി.

ഐഎൻഎൽ-ന് 6 സീറ്റും,  ലോക്താന്ത്രിക് ജനതാ ദളിന് അരയി  പാലക്കാൽ വാർഡുമാണ് വീതം വെച്ചു കൊടുത്തത്. ഇരു ഘടക കക്ഷികളും അവരവർക്ക് കിട്ടിയ സീറ്റുകളിൽ സംതൃപ്തരാണ്. സിപിഐയുടെ കാര്യത്തിൽ ഒരു തവണ കൂടി മുന്നണി നേതാക്കൾ ഒത്തു കൂടും. ജില്ലയിൽ മൂന്ന് നഗരസഭകളുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുൻ എംഎൽഏ, കെ. പി. സതീഷ്ചന്ദ്രൻ, ഇടതുമുന്നണി നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഡി. വി. അമ്പാടി എന്നിവർ ചർച്ചയ്ക്ക് നേ തൃത്വം നൽകി.

LatestDaily

Read Previous

ഖമറുദ്ദീന് പൈവളികയിൽ 250 ഏക്കർ ഭൂമി

Read Next

നിലാങ്കര വാർഡിൽ കലഹം, ലീഗിന്റെ 6 സ്ഥാനാർത്ഥികൾ