ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്നുയർന്ന സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിസിഎ. സംഭവിച്ചതെന്താണെന്ന് പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു. സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെയുൾപ്പെടെ ടാഗ് ചെയ്ത് നിരവധി പരാതികളാണ് യാത്രക്കാർ ട്വിറ്ററിൽ നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 6.20ന് ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ജി8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാതെ പറന്നത്. നാല് ബസുകളിലായാണ് യാത്രക്കാരെ കൊണ്ടുവന്നത്. എന്നാൽ അവസാന ബസിൽ എത്തിയ 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയർന്നു.
യാത്രക്കാരുടെ ബോർഡിംഗ് പാസുകൾ നൽകുകയും ബാഗുകളുടെ ഉൾപ്പെടെ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് പിഴവുണ്ടായത്. നാല് മണിക്കൂറിന് ശേഷം, രാവിലെ 10 മണിക്ക് പറന്നുയർന്ന മറ്റൊരു വിമാനത്തിലാണ് ഈ യാത്രക്കാർ പോയത്. സംഭവത്തിൽ ഗോ ഫസ്റ്റ് ഖേദം പ്രകടിപ്പിച്ചെങ്കിലും ഇതുവരെ മറ്റൊരു പ്രസ്താവനയും നടത്തിയിട്ടില്ല.