ജോഷിമഠിൽ ഉപഗ്രഹ സര്‍വേ നടത്തി; 600 വീടുകള്‍ ഒഴിപ്പിച്ചു, 4000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ 600 ഓളം വീടുകൾ ഒഴിപ്പിച്ചു. 4,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് നടത്തിയ ഉപഗ്രഹ സർവേയ്ക്ക് ശേഷമാണ് ഒഴിപ്പിക്കൽ നടപടികൾ സ്വീകരിച്ചത്.

600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ മുഖ്യമന്ത്രി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. ജോഷിമഠിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലാങ്-മര്‍വാരി ബൈപ്പാസ്, എൻടിപിസിയുടെ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം എന്നിവയും ഇതിന്‍റെ ഭാഗമായി നിർത്തിവച്ചിരിക്കുകയാണ്.

ജോഷിമഠിലെ സ്ഥിതിഗതികൾ ആശങ്ക സൃഷ്ടിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക യോഗം വിളിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്‍റ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഐഐടി റൂർക്കി, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി ആൻഡ് സെൻട്രൽ ബിൽഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘത്തോട് പഠനം നടത്തി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

K editor

Read Previous

ലഹരി വഴക്കിൽ തലശ്ശേരിയിൽ ഒന്നര മാസത്തിനിടെ മൂന്ന് കൊലപാതകങ്ങൾ

Read Next

വിമാനത്തിലെ മോശം പെരുമാറ്റം; സുരക്ഷ വിലയിരുത്താൻ ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം