ലഹരി വഴക്കിൽ തലശ്ശേരിയിൽ ഒന്നര മാസത്തിനിടെ മൂന്ന് കൊലപാതകങ്ങൾ

പാലയാട് രവി

തലശ്ശേരി: ലഹരി വഴക്കിൽ നാട് നടുക്കി തലശ്ശേരിയിൽ ഒന്നര മാസത്തിനിടെ മൂന്ന് കൊലപാതകങ്ങൾ. ഒന്നര മാസം മുമ്പായിരുന്നു ലഹരി ഇടപാട് എതൃത്തതിന്റെ വിരോധത്തിൽ ഒരേ വീട്ടിൽ താമസിക്കുന്ന അളിയന്മാർ അറും കൊലയ്ക്കിരയായത്. ഇതിന്റെ ഞെട്ടൽ വിട്ടു മാറും മുമ്പെ അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ ഇന്നലെ ആശുപത്രിയിൽ പിടഞ്ഞു മരിച്ചു. പാലയാട് ഡിഫിൽ മുക്കിലെ ആയിഷാസിൽ ആഷിഫാണ് 28, ഇന്നലെ വൈകിട്ട് തലശ്ശേരി സഹകരണ ആശുപത്രിയിൽ മരണപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ആഷിഫിന്റെ അനുജൻ അഫ്സലിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി വൈകി വീട്ടിൽ നിന്നും വഴക്കിട്ട ജ്യേഷ്ഠാനുജന്മാർ ഏറ്റുമുട്ടിയിരുന്നു. ആയുധം വീശിയുള്ള വഴക്കിൽ ജ്യേഷ്ഠന്റെ കുത്തേറ്റു അനുജൻ അഫ്സലിന് കൈക്ക് പരിക്കേറ്റു.

മക്കളുടെ പോരിനിടയിൽ സഹികെട്ട് ഇവരുടെ ഉമ്മ തത്സമയം വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. മക്കളും പിറകെ എത്തി ഉമ്മയോട് തിരിച്ചു വീട്ടിൽ കയറാൻ പറഞ്ഞു. കത്തി വലിച്ചെറിഞ്ഞാലേ അനുസരിക്കുവെന്ന് ഉമ്മ പറഞ്ഞതോടെ ജ്യേഷ്ഠൻ ആയുധം താഴെ ഇട്ടു. ഇതെടുത്തു അനുജൻ അഫ്സൽ ജ്യേഷ്ഠനെ കുത്തുകയായിരുന്നു.നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരും വിവരമറിഞ്ഞ് എത്തിയ ധർമ്മടം പോലീസുമാണ് ആംബുലൻസ് വിളിച്ചു വരുത്തി ആഷിഫിനെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചത്.

വീട്ടിലും വഴിയിലുമെല്ലാം രക്തം തളം കെട്ടിയ ഭീകരാവസ്ഥയാണ് ഇന്നലെ രാവിലെയും കാണാനായത്. മദ്യ ലഹരിയിൽ ജ്യേഷ്ഠാനുജന്മാർ തമ്മിൽ ഈ വീട്ടിൽ വഴക്കും കൈയ്യാങ്കളിയും  ബcഹളവും പതിവാണെന്ന് അയൽക്കാർ പറയുന്നു. ഏതാനും ദിവസം മുൻപ് ഇവർ വീട്ടുപകരണങ്ങളും വളപ്പിലെ വാഴകളും വെട്ടി നശിപ്പിച്ചിരുന്നു.

ഏറ്റവും ഒടുവിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആയുധം വീശിയുള്ള ഏറ്റുമുട്ടൽ നടന്നത്.കൂലി പണിക്കാരാണ് ഇരുവരും.അവിവാഹിതനാണ് മരണപ്പെട്ട ആഷിഫ്. പിതാവ് പരേതനായ അഷ്റഫ്, മാതാവ് : എം.പി.ഫൗസിയ, അർഷാദ്, അജി നാസ്, ഫാത്തിമ എന്നിവർ മറ്റു സഹോദരങ്ങളാണ്. ഒന്നര മാസം മുൻപാണ് (കഴിഞ്ഞ നവമ്പർ 23 ന്) ലഹരി മാഫിയാ സംഘത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ.ഖാലിദ് 52, സഹോദരീ ഭർത്താവ് പൂവനാഴി ഷമീർ 40 എന്നിവരെ ചിറക്കക്കാവ് സ്വദേശിയായ പാറായി ബാബു, സഹോദരീ ഭർത്താവ് ജാക്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുത്തി കൊന്നത്. കഴുത്തിനേറ്റ കുത്തിൽ നിന്നു രക്തം വാർന്നായിരുന്നു ഖാലിദ് മരണപ്പെട്ടത്.  പുറത്തും വയറിനും ശരീരമാസകലവും കുത്തേറ്റ ഷമീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്.

ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് ഏഴ് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഇവർ ജയിലിലാണുള്ളത്. രാഷ്ടിയ പ്രശ്നങ്ങൾ ആറിത്തണുത്തു തുടങ്ങിയ നാട്ടിൽ മദ്യവും മയക്കു മരുന്നും ഉപയോഗിച്ച് ഭ്രാന്തമായ മനോനിലയിലായവരാണ് ഇപ്പോൾ ആയുധങ്ങളുമായി വിഹരിക്കുന്നത്.

LatestDaily

Read Previous

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാസർകോടിന്റെ യശസ്സ് ഉയർത്തി കാഞ്ഞങ്ങാട് ദുർഗ്ഗ

Read Next

ജോഷിമഠിൽ ഉപഗ്രഹ സര്‍വേ നടത്തി; 600 വീടുകള്‍ ഒഴിപ്പിച്ചു, 4000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി