തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തില്‍ ബഹളം; സഭയിൽ നിന്ന് ഇറങ്ങിപ്പോയി ഗവർണർ

ചെന്നൈ: നയപ്രഖ്യാപന പ്രസംഗത്തിലെ വിവിധ പരാമർശങ്ങൾ ഗവർണർ ഒഴിവാക്കിയതിനെ തുടർന്ന് തമിഴ്നാട് നിയമസഭയിൽ ബഹളം. പെരിയാർ, ബി.ആർ. അംബേദ്കർ, കെ. കാമരാജ്, അണ്ണാദുരൈ എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമാണ് ഗവർണർ വായിക്കാതെ വിട്ടത്. പ്രസംഗത്തിലെ 65-ാം ഖണ്ഡികയിലെ “ദ്രാവിഡ മോഡൽ” എന്ന പ്രയോഗവും ഗവർണർ വായിച്ചില്ല.

ഗവര്‍ണര്‍ വിട്ട ഭാഗങ്ങള്‍ പരിഭാഷയിൽ സ്പീക്കർ വായിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ ഒഴിവാക്കുകയും സ്വന്തം കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തു. പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുര, കരുണാനിധി എന്നിവരുടെ തത്വങ്ങളും ആദർശങ്ങളും പിന്തുടരുന്ന സർക്കാർ ദ്രാവിഡ മോഡൽ ഭരണമാണ് കാഴ്ചവെക്കുന്നത് എന്ന ഭാഗമാണ് ഒഴിവാക്കിയത്. ഈ ഖണ്ഡിക ഒഴികെ എല്ലാഭാഗത്തും മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേര് ഗവർണർ വായിച്ചിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് സംസാരിക്കുന്ന ഭാഗവും ഗവർണർ ഒഴിവാക്കിയിരുന്നു. തമിഴ്നാട് സമാധാനത്തിന്‍റെ തുറമുഖമായി മാറിയെന്നും, വിദേശനിക്ഷേപകരെ വലിയ തോതിൽ ആകർഷിക്കുന്നുവെന്നും എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുന്നുവെന്നുമുള്ള ഭാഗമാണ് ഒഴിവാക്കിയത്. എന്നാൽ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രമേയം പാസാക്കി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

K editor

Read Previous

ഇന്ത്യയിൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിൽ വർധന

Read Next

ഒരുമിച്ച് വേദി പങ്കിട്ട് മഹേന്ദ്ര സിംഗ് ധോണിയും ടൊവിനോ തോമസും