മനുവിന്റെ ഉടുപ്പിൽ നായയുടെ രോമം

ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ തയ്യേനി ആലടി കോളനിയിലെ മനുവിന്റെ 30, മൃതദേഹം പൂർണ്ണ നഗ്നനാക്കപ്പെട്ട് തയ്യേനി പോത്തനാംപാറയിലെ ജോണിന്റെ കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് കൂടുതൽ പേരെ ചോദ്യം ചെയ്തു.

മാതാപിതാക്കൾ ഉൾപ്പെടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് പോലീസ് ചോദ്യം ചെയ്തത്. ഒക്ടോബർ 3-ന് പുലർച്ചെ യുവാവിനെ ചിലർ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയതാണെന്ന പ്രചരണം നാട്ടുകാർക്കിടയിൽ വ്യാപകമായതിനെതുടർന്നാണ് മാതാപിതാക്കളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തത്.

മനുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതായി മാതാപിതാക്കൾ സ്ഥിരീകരിക്കാതെ വന്നതോടെ ഈ വഴിയുള്ള പോലീസിന്റെ അന്വേഷണം വഴിമുട്ടി.

ഇതിനിടെ കേസ്സിൽ വഴിത്തിരിവാകുന്ന തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. കിണറ്റിൻ കരയിൽ നിന്നും പോലീസ് കണ്ടെടുത്ത മനുവിന്റെ ബർമുഡ, ലുങ്കി, തോർത്ത് ഉൾപ്പെട്ട വസ്ത്രങ്ങളിൽ പട്ടിയുടെ രോമങ്ങൾ കണ്ടെത്തിയത് കേസ്സിൽ നിർണ്ണായകമായിത്തീരും.

പുലർച്ചെ 2 മണിക്ക് വീടുവിട്ട മനു, ഒരു കിലോമീറ്റർ ഇപ്പുറം തയ്യേനിയിലെത്തുന്നതിനിടയിൽ പട്ടികൾ മനുവിനെ ഓടിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണസംഘ ത്തിന്റെ നിഗമനം.

പട്ടി മനുവിനെ ആക്രമിച്ചതിന് തെളിവുകളില്ല. മൃതദേഹത്തിൽ കാണപ്പെട്ട പരിക്കുകൾ പട്ടി കടിച്ചതിന്റേയോ, പട്ടിയുടെ നഖത്തിന്റേയോ അല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

മരണത്തിന് മുമ്പ് പിടിവലിയുണ്ടായതിനും പരിക്കേറ്റതിന്റെയും തെളിവുകളില്ലെന്ന്  പോസ്റ്റ്മോർട്ടം വ്യക്തമാക്കുന്നു. പോലീസിന് ലഭിച്ച വിദഗ്ധ പോസ്റ്റ്മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ടിൽ കിണർ വെള്ളം ജോണിന്റെ  ഉദരത്തിൽ കണ്ടെത്തിയിരുന്നു. വസ്ത്രത്തിൽ കണ്ട പട്ടിയുടെ രോമത്തിന് പിന്നാലെയാണിപ്പോൾ അന്വേഷണം നീങ്ങുന്നത്. പുലർച്ചെ 4-ന് കൂട്ടിലടച്ചിരുന്ന പട്ടി അസാധാരണമായി കുരച്ച് ബഹളമുണ്ടാക്കിയിരുന്നതായി സമീപത്തെ വീട്ടുകാർ മൊഴി നൽകിയിരുന്നു.

രാത്രി വീട്ടുകാർ അഴിച്ചു വിട്ട പട്ടിയെ ഭയന്ന് ഓടിയ മനു ആൾമറയില്ലാത്ത കിണറ്റിൽ വീണതാണെന്നുറപ്പിക്കാൻ പോലീസിനായിട്ടില്ല. അങ്ങനെയെങ്കിൽ, ജഡമെങ്ങനെ നഗ്നമാക്കപ്പെട്ടുവെന്നതാണ് പോലീസിനെ കുഴക്കുന്ന മറു ചോദ്യം.  പട്ടിയെ ഭയന്നോടിയ  ആൾ വസ്ത്രം അഴിച്ചുമാറ്റി നഗ്നനായി കിണറ്റിൽ ചാടേണ്ട സാഹചര്യമില്ല. കൊലപാതകമല്ലെങ്കിൽ കൂടി ജഡം എങ്ങനെ നഗ്നനാക്കപ്പെട്ടുവെന്നതിലെ ദുരൂഹത നീക്കാൻ പോലീസിന് ഏറെ പാട് പെടേണ്ടിവരും. നിരവധി വീടുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് മനുവിന്റെ ദൃശ്യമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്  പോലീസ്.

LatestDaily

Read Previous

കെ-ഫോൺ പദ്ധതി ഇല്ലാതാക്കരുത്

Read Next

കാഞ്ഞങ്ങാട്, നീലേശ്വരം വനിതകൾ സർക്കാർ പ്രഖ്യാപനം പുറത്തുവന്നു