കെ-ഫോൺ പദ്ധതി ഇല്ലാതാക്കരുത്

കേരള സർക്കാരിന്റെ ഇന്റർനെറ്റ്  പദ്ധതിയായ കെഫോൺ പദ്ധതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിൽ  ഉൾപ്പെടുത്താനുള്ള തീരുമാനം  പദ്ധതിയെ തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൗജന്യ നിരക്കിൽ എല്ലാവർക്കും ഇന്റർനെറ്റ് സേവനം നല്കാനുള്ള  തീരുമാനത്തെ ആരൊക്കൊയോ  ഭയക്കുന്നുണ്ടെന്ന് വേണം കരുതാൻ.

ഒാപ്റ്റിക്കൽ  ഫൈബർ ശൃംഖല വഴി അതിവേഗ  ഇന്റനെറ്റ്  സേവനങ്ങൾ സാധാരണക്കാർക്ക് കൂടി നല്കുകയെന്ന ലക്ഷ്യമിട്ടാണ് കേരള സർക്കാർ കെഫോൺ പദ്ധതി ആവിഷ്ക്കരിച്ചത്. പദ്ധതി അന്തിമഘട്ടത്തിലെത്തി നില്ക്കുമ്പോഴാണ് എൻഫോഴ്സ്മെന്റിന്റെ തടസ്സം.

മിതമായ നിരക്കിലുള്ള ഇന്റർനെറ്റ് സേവനങ്ങൾ കേരളത്തിൽ സർക്കാർ സംവിധാനം വഴി ലഭ്യമായാൽ ടെലികോം  സേവന രംഗത്തെ കുത്തക കമ്പനികളുടെ കാര്യം പരുങ്ങലിലാകും. കോടിക്കണക്കിന്  രൂപ ലാഭം കിട്ടുന്ന വൻ വ്യവസായമാണ് കേരളത്തിൽ ഇന്റർനെറ്റ് സേവന ദാതാക്കളുടേത് . ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്വകാര്യ ടെലി കോം കമ്പനികൾക്ക് കേരളം വിശാലമായ കച്ചവട സാധ്യതയാണ് തുറന്നിടുന്നത്.

സർക്കാർ സംവിധാനം വഴിയുള്ള ഇന്റർനെറ്റ് സേവനം തങ്ങളുടെ വയറ്റത്തടിക്കുമെന്ന് ടെലികോം രംഗത്തെ സ്വകാര്യ കമ്പനികൾക്ക്  നന്നായി അറിയാം . ഈ ഒരു സാഹചര്യത്തിൽ സർക്കാറിന്റെ  ഇന്റർനെറ്റ് സേവനങ്ങളെ ഇല്ലാതാക്കാൻ  കമ്പനികൾ ഏത് അടവും പയറ്റും. ഇത്തരത്തിലുള്ള ഗൂഢ  നീക്കത്തിന്റെ ഫലം തന്നെയാണ് കെ ഫോൺ പദ്ധതിയിലെ എൻഫോഴ്സ്മെന്റ് ഇടപെടൽ എന്നറിയാൻ  പ്രശ്നം വെച്ച്  നോക്കേണ്ട കാര്യമൊന്നുമില്ല.

കേന്ദ്രസർക്കാരിന്റെ ബിഎസ്എൻഎൽ ശൃംഖലയെ സർക്കാർ തന്നെ സ്വകാര്യ കമ്പനികൾക്ക് വേണ്ടി തകർക്കാൻ നോക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. ഇന്റർനെറ്റ് സേവനരംഗത്ത് മൂന്നാം  തലമുറ സേവനങ്ങളിൽ നിന്ന് മുന്നോട്ട് പോകാനനുവദിക്കാതെ ബിഎസ്എൻഎല്ലിനെ കേന്ദ്രസർക്കാർ തന്നെ  കഴുത്ത് ഞെരിച്ച് ഇല്ലാതാക്കുമ്പോൾ കേരള സർക്കാരിന്റെ കെഫോൺ പദ്ധതി ബദൽ മാതൃകയാണ്.  ഈ ബദൽ മാതൃകയെ തകർക്കാൻ മാത്രമെ പദ്ധതിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് അന്വേഷണം സഹായിക്കുകയുള്ളു.

ലോക്ക് ഡൗൺ കാലഘട്ടത്തിൽ മണിക്കൂറിൽ 90 കോടി രൂപയുടെ വരുമാനമാണ് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് 2,77,000 കോടി രൂപയുടെ ലാഭമാണ് ഇന്ത്യയിലെ ഒരു കമ്പനിക്ക് മാത്രം   ലഭിച്ചു കൊണ്ടിരുന്നത്. കേരളത്തിൽ ആവിഷ്ക്കരിച്ച കെ.ഫോൺ പദ്ധതി ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഈ  സ്വകാര്യ കമ്പനിയെത്തന്നെയാണ്.

കോവിഡിന്റെ സാഹചര്യത്തിൽ കേരളത്തിൽ ഓൺലൈൻ വഴിയാണ് വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സുകൾ നടക്കുന്നത്. നിലവിൽ  സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കളിൽ നിന്നുമാണ് വിദ്യാർത്ഥികൾ ഇന്റർനെറ്റ് സേവനം സ്വീകരിക്കുന്നത്. കേരള സർക്കാരിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നതോടെ നാമമാത്രമായ വരുമാനമുള്ളവരുടെ മക്കൾക്കടക്കം  സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകും.

ഈ സാധ്യതയുടെ കടയ്ക്കലാണ് കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തി വെച്ചിരിക്കുന്നതെന്ന് പറയാതിരിക്കാൻ വയ്യ.

LatestDaily

Read Previous

മത്സ്യക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

Read Next

മനുവിന്റെ ഉടുപ്പിൽ നായയുടെ രോമം